ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്നെ പുകഴ്ത്താൻ മുരുകഭക്തരുടെ പുണ്യജപമായ ഹരോഹര ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിലെ സുരസംഹാര മഹോത്സവത്തിനിടെ ഗായകൻ വേൽമുരുകൻ നടത്തിയ പരാമർശമാണു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചത്.
ഞായറാഴ്ച തിരുച്ചെന്തൂർ ക്ഷേത്രത്തിൽ നടന്ന ആറുദിവസത്തെ സ്കന്ദഷഷ്ഠി ആഘോഷങ്ങളുടെ സമാപന ചടങ്ങായ സൂരസംഹാരത്തിനിടെയായിരുന്നു സംഭവം. ഭക്തിഗാനങ്ങളും തത്സമയ വിവരണവും അവതരിപ്പിക്കുന്നതിനിടെ വേൽമുരുകൻ ‘വേൽ മുരുകനുക്ക് ഹരോഹര’ എന്ന് ഭക്തരെക്കൊണ്ട് വിളിപ്പിച്ചു.പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിക്കും ഹിന്ദു മത-ധർമകാര്യമന്ത്രി രമേശിനും വേണ്ടി ഹരോഹര എന്ന് വിളിക്കുകയായിരുന്നു.
സംഭവത്തെ അപലപിച്ച മന്ത്രി എസ്. രമേശ്, മുഖ്യമന്ത്രിക്കോ സർക്കാരിനോ വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്ലെന്നു വ്യക്തമാക്കി. ഗായകരുമായി അധികൃതർ സംസാരിക്കുകയും ഔദ്യോഗിക വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഗായകർ ഖേദം പ്രകടിപ്പിച്ചതായും ഭാവിയിൽ ജാഗ്രത പുലർത്തുമെന്ന് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
ഹരോഹര വിളിക്കുന്ന വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണകക്ഷിയായ ടിവികെയ്ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ഡിഎംകെയും ബിജെപിയും ഒരേ നിലപാടിൽ സർക്കാരിനെ വിമർശിച്ചു.
ക്ഷേത്രത്തിലെ പുണ്യചടങ്ങിനെ രാഷ്ട്രീയവത്കരിച്ച നടപടിയെന്നാണു ഡിഎംകെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി വിജയ് പരസ്യമായി മാപ്പുപറയണമെന്നും ബന്ധപ്പെട്ട മന്ത്രിക്കും കമ്മിഷണർക്കുമെതിരേ നടപടിയെടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മുൻമന്ത്രി പി. ഗീതാജീവൻ, അഹംഭാവത്തിന്റെ പരകോടി എന്നാണ് ഇതേക്കുറിച്ചു പ്രതികരിച്ചത്.
മുരുക ഭഗവാനെ സ്തുതിക്കുന്ന ജപം രാഷ്ട്രീയ നേതാക്കളെ പുകഴ്ത്താൻ ഉപയോഗിച്ചത് കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് വീ ദ ലീഡേഴ്സ് സ്ഥാപകൻ കെ. അണ്ണാമലൈ പറഞ്ഞു. മുരുക ക്ഷേത്രോത്സവങ്ങളിൽ സ്കന്ദഷഷ്ഠി, തൈപ്പൂയം തുടങ്ങിയ ആഘോഷങ്ങളിൽ ഭക്തർ ഉരുവിടുന്ന പുണ്യജപമാണ് ‘ഹരോഹര’.