പൂനെ: വിപ്രോ കമ്പനിയിലെ മുൻ മേധാവി മതപരമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. പൂനെ ഹിഞ്ചേവാഡിയിലെ വിപ്രോ കാമ്പസിൽ ജോലി ചെയ്തിരുന്ന യുവതിയാണ്, ബെംഗളൂരുവിൽ താമസിക്കുന്ന തന്റെ മുൻ വനിതാ ബോസിനെതിരെ പോലീസിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയത്. കടുത്ത മാനസിക പീഡനവും സമ്മർദവും കാരണം തനിക്ക് ജോലി രാജിവെക്കേണ്ടി വന്നതായും യുവതി ആരോപിക്കുന്നു.
തന്റെ മതവിശ്വാസത്തിന്റെ പേരിൽ സീനിയർ മാനേജർമാരും ടീം ലീഡർമാരും തന്നെ ലക്ഷ്യമിട്ടിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇസ്ലാം മതം സ്വീകരിക്കാനും അതിന്റെ ആചാരങ്ങൾ പാലിക്കാനും നിരന്തരമായ മാനസിക സമ്മർദം ചെലുത്തി. ഇതിനെ എതിർത്തപ്പോൾ ജോലിസ്ഥലത്തെ പീഡനം വർധിക്കുകയും, മോശം പെർഫോമൻസ് റിവ്യൂ നൽകി ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മാനേജർ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും പൂനെ പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിപ്രോ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.