കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് മലയില്‍ 2019 ഓഗസ്റ്റ് എട്ടിനു വൈകുന്നേരം ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ പുത്തുമല ഗ്രാമത്തില്‍നിന്നു ഏകദേശം 11 കിലോമീറ്റര്‍ അകലെ പൂത്തകൊല്ലിയില്‍ പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ യാതനകള്‍ക്ക് നടുവില്‍. ഹര്‍ഷം എന്നു നാമകരണം ചെയ്ത പുനരധിവാസ പദ്ധതി പ്രദേശത്ത് നിര്‍മിച്ച വീടുകളുടെ ദുരവസ്ഥ ദുരന്തബാധിത കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്.
രൂപകല്പനയിലെ അശാസ്ത്രീയതയും നിര്‍മാണത്തിലെ അപാകതയുംമൂലം മഴയത്ത് ചോര്‍ന്നൊലിക്കുകയാണ് പദ്ധതി പ്രദേശത്തെ വീടുകള്‍. മഴ കനത്തുപെയ്യുമ്പോള്‍ വീടിനകത്ത് കുട ചൂടേണ്ട സ്ഥിതിയിലാണ് മിക്ക കുടുംബങ്ങളും. ഈ അവസ്ഥ ജില്ലാ ഭരണകൂടത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടും പരിഹാര നടപടികളില്ല.
പദ്ധതി പ്രദേശത്ത് വാസയോഗ്യമല്ലാതായ 10 വീടുകളില്‍ ഏഴെണ്ണം ഉടമകള്‍ സ്വന്തം നിലയിലാണ് നന്നാക്കിയത്. മൂന്ന് കുടുംബങ്ങള്‍ പൂത്തകൊല്ലിക്ക് പുറത്ത് വാടകയ്ക്കാണ് താമസം. അധികൃതരുടെ അവഗണനയില്‍ സഹികെട്ട കുടുംബങ്ങള്‍ ദുരന്തത്തിന്റെ ഏഴാം വാര്‍ഷിക ദിനമായ ഇന്നലെ വീടുകള്‍ക്കു പുറത്ത് സംഘടിച്ച് വായ മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. ദുരന്തബാധിതരുടെ പ്രയാസങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍ കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ഹര്‍ഷം റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സലീമമയും സെക്രട്ടറി ജൂനൈദ് പച്ചക്കാടും പറഞ്ഞു.
പച്ചക്കാട് മലയില്‍നിന്നു കുത്തിയൊഴുകിയ ഉരുള്‍വെള്ളം പുത്തുമലയില്‍ കനത്ത നാശമാണ് വിതച്ചത്. ദുരന്തത്തില്‍ മരിച്ചതായി കണക്കാക്കുന്ന 17 ആളുകളില്‍ 12 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. പുത്തുമല മുതിരത്തൊടി ഹംസ(58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്(62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ(54), പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ(74)എന്നിവര്‍ക്കായുള്ള തെരച്ചില്‍ വൃഥാവിലായി.
പുത്തുമല ദുരന്തബാധിതരായി മേപ്പാടി പഞ്ചായത്ത് ലിസ്റ്റ് ചെയ്തതില്‍ 49 കുടുംബങ്ങളാണ് പദ്ധതി പ്രദേശത്ത് താമസം. മറ്റു കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റി മറ്റിടങ്ങളിലേക്ക് മാറി. മേപ്പാടി ടൗണിന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെ പൂത്തകൊല്ലിയില്‍ ഓരോ കുടുംബത്തിനും ഏഴ് സെന്റ് വീതം സ്ഥലവും 750 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ള വീടുമാ
ണ് അനുവദിച്ചത്. വീട് ഒന്നിന് നാല് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ സഹായം. ബാക്കി ചെലവ് വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമാണ് വഹിച്ചത്. പുനരധിവാ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത അങ്കണവാടിയും ഹെല്‍ത്ത് സെന്ററും ഇനിയും യാഥാര്‍ഥ്യമായില്ല. എളമരം കരീം എംപിയുടെ ഫണ്ടില്‍നിന്നു ലഭ്യമാക്കിയ 1.4 കോടി രൂപ വിനിയോഗിച്ചാണ് ഹര്‍ഷം പദ്ധതി പ്രദേശത്ത് റോഡ് ടാറിംഗ് നടത്തിയത്. 2021ലാണ് പൂത്തകൊല്ലിയില്‍ ഭവന നിര്‍മാണം നടന്നത്.