ചിറ്റൂർ: ആളിയാർ ഡാമിൽനിന്ന് കേരളത്തിന് അവകാശപ്പെട്ട വെള്ളം വാങ്ങിയെടുക്കാതെ ചിറ്റൂർ മണ്ഡലത്തേയും സമീപ പഞ്ചായത്തുകളെയും കടുത്ത ജലപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് 27ന് ചിറ്റൂരിൽ കർഷക ഹർത്താൽ.
കർഷക വിശാല മുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചിറ്റൂർ നിയോജകമണ്ഡലം, മുതലമട, വടവന്നൂർ, പല്ലശന, പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് ഹർത്താൽ.
ഇന്നലെ എൽഡിഎഫ് ചിറ്റൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പറമ്പിക്കുളം ഗ്രൂപ്പ് ഡാമിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന തമിഴ്നാടിനൊപ്പംനിന്ന് കർഷകരെയും ചിറ്റൂരിലെ ജനങ്ങളെയും വഞ്ചിക്കുന്ന സംസ്ഥാന സർക്കാരിന്റെയും വെളളം വാങ്ങിയെടുക്കാൻ താത്പര്യം കാണിക്കാത്ത ചിറ്റൂർ എംഎൽഎയുടെയും നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ കെ. നാരായണൻകുട്ടി അധ്യക്ഷനായി.
സിപിഎം സംസ്ഥാന കമ്മറ്റിയംഗം ഇ.എൻ. സുരേഷ് ബാബു, ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. മുരുകദാസ്, എൽഡിഎഫ് മണ്ഡലം കൺവീനർ ആർ. ശിവപ്രകാശ്, പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. സ്വാമിനാഥൻ പ്രസംഗിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.