ലണ്ടൻ: യുകെയിലെ പൊതുരംഗത്തും ഭരണതലത്തിലും മലയാളി സാന്നിധ്യം വീണ്ടും സജീവമാകുന്നു. ബ്രിട്ടനിലെ പ്രമുഖ പ്രാദേശിക ഭരണകൂടമായ ഹാർട്ട്ലിപൂൾ ബറോ കൗൺസിലിന്റെ പുതിയ ഹെൽത്ത് ആൻഡ് വെൽബീയിംഗ് ബോർഡ് ചെയർമാനായി മലയാളി കൗൺസിലർ ആരോൺ റോയിയെ തെരഞ്ഞെടുത്തു.
കൗൺസിലിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സുപ്രധാന പദവിയിലേക്ക് അദ്ദേഹം നിയമിതനായത്. ഹാർട്ട്ലിപൂൾ കൗൺസിലിലെ ആദ്യത്തെ അവിഭക്ത (BAME) കൗൺസിലർ കൂടിയാണ് ആരോൺ റോയ്.
കേരളത്തിൽ നിന്നും പത്ത് വർഷം മുൻപ് യുകെയിലെത്തുകയും കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ഉൾപ്പെടെ നാഷണൽ ഹെൽത്ത് സർവീസിൽ രജിസ്റ്റേർഡ് നഴ്സായും പിന്നീട് കെയർ ക്വാളിറ്റി കമ്മീഷൻ രജിസ്റ്റേർഡ് മാനേജറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആരോഗ്യമേഖലയിലെ ദീർഘകാല പ്രവർത്തനപരിചയം ഈ പദവിക്ക് കൂടുതൽ കരുത്താകും.
കൗൺസിലിലെ പുതിയ ഭരണക്രമീകരണങ്ങളുടെ ഭാഗമായി ഹെൽത്ത് ബോർഡ് ചെയർമാൻ പദവിക്ക് പുറമെ, കൗൺസിലിന്റെ ഹൗസിങ്, ഗ്രോത്ത് ആൻഡ് കമ്മ്യൂണിറ്റീസ് കമ്മിറ്റിയുടെ വൈസ് ചെയർമാനായും ആരോൺ റോയിയെ നിയോഗിച്ചിട്ടുണ്ട്.
പ്രാദേശിക വികസനത്തിലും കായിക രംഗത്തും ശക്തമായ പ്രാതിനിധ്യം
പാർട്ടി രാഷ്ട്രീയത്തിലെ സമീപകാല പ്രതിസന്ധികൾക്കിടയിലും കൗൺസിലിന്റെ വിവിധ ജനക്ഷേമ സമിതികളിൽ ലഭിച്ച ഈ സുപ്രധാന നിയമനങ്ങൾ യുകെ മലയാളി സമൂഹത്തിന് ഒന്നടങ്കം വലിയ അഭിമാനമാണ് നൽകുന്നത്.
2024-ൽ ഹാർട്ട് വാർഡിൽ നിന്നും ലേബർ പാർട്ടി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആരോൺ റോയിക്ക് 2028 വരെ കൗൺസിലർ പദവിയിൽ കാലാവധിയുണ്ട്. അടുത്തിടെ ചില രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ അദ്ദേഹം നിലവിൽ പൂർണ്ണ സ്വതന്ത്രനായാണ് കൗൺസിലിൽ തുടരുന്നത്.
മേഖലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും ഭരണസമിതികളിലും നിലവിൽ ആരോൺ റോയിക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. നിലവിൽ, ടീസൈഡ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ & ബോർഡ് അംഗം.
നോർത്ത് ടീസ് ആൻഡ് ഹാർട്ട്ലിപൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ടീസ് എസ്ക് ആൻഡ് വെയർ വാലീസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഗവർണർ. നോർത്ത് ഈസ്റ്റ് കൾച്ചർ പാർട്ണർഷിപ്പ് ബോർഡ്, ഹാർട്ട്ലിപൂൾ ആൻഡ് ഡിസ്ട്രിക്റ്റ് സ്പോർട്സ് കൗൺസിൽ, നോർത്ത് ഈസ്റ്റ് റീജിയണൽ എംപ്ലോയേഴ്സ് ഓർഗനൈസേഷൻ (NEREO) അംഗമായും പ്രവർത്തിക്കുന്നു.
കബഡിയിലൂടെ പ്രവാസി സമൂഹത്തെ ഒന്നിപ്പിച്ചു
ഭരണപരമായ കാര്യങ്ങൾക്ക് പുറമെ കായിക രംഗത്തിലൂടെ യുകെയിലെ പ്രവാസി യുവാക്കളെയും വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുന്നതിൽ ആരോൺ റോയ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അദ്ദേഹം സ്ഥാപിച്ച ‘മാരിനർസ് യുണൈറ്റഡ് സ്പോർടിംഗ് ക്ലബ്' (Mariners United Sporting Club CIC) വഴി യുകെയിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ് ദേശീയ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ട്രൈ-നേഷൻസ് കബഡി കപ്പ്’ വിജയകരമായി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടർന്ന് സീറ്റൺ കര്യൂവിൽ നടന്ന ആദ്യ നാഷണൽ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിന് പിന്നിലും ഇദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. കൗൺസിലർ പദവിയിലൂടെ പ്രാദേശിക വികസനത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ഇനി വലിയ ഉത്തരവാദിത്തങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.