District News
ആനമങ്ങാട്: ശബരിമല നിറപുത്തരി മഹോത്സവത്തിലേക്ക് ആവശ്യമായ നിറകതിരുകള് ഒരുക്കുന്നതിനായി ആനമങ്ങാട് ശ്രീ കുന്നിന്മേല് ഭഗവതി ക്ഷേത്രത്തില് കൊയ്ത്തുത്സവം നടത്തി. പെരിന്തല്മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. വാര്ഡ് അംഗം യൂസഫ് കോക്കാടന് ചടങ്ങില് അധ്യക്ഷത വഹിച്ചു.
ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി നിര്ധനര്ക്കായി നടപ്പാക്കുന്ന സ്നേഹസദനം ഭവനപദ്ധതിയുടെ പ്രഖ്യാപനം ആലിപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മോഹന്ദാസ് നിര്വഹിച്ചു. മാതാപിതാക്കള് നഷ്ടപ്പെട്ട മൂന്ന് കുട്ടികള്ക്കാണ് പദ്ധതിയിലൂടെ ആദ്യ വീട് നല്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സഫ്വാന, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. അയ്യൂബ്, ശാലിനി, ക്ഷേത്രം സെക്രട്ടറി എം.പി. മുരളി, കെ. പ്രേംകുമാര്, പി. ജനാര്ദനന്, പി.പി. ചന്ദ്രശേഖരന്, എം.പി. മജീദ് തുടങ്ങിയവര് പങ്കെടുത്തു.
District News
എടത്വ: ചമ്പക്കുളം ബ്ലോക്ക് പരിധിയില് ഈ സീസണിലെ ആദ്യ കൊയ്ത്തുത്സവം നടന്നു. തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപമുള്ള വാടയ്ക്കകം പാടശേഖരത്തിലാണ് കൊയ്ത്തുത്സവം നടന്നത്. പ്രസിഡന്റ് ബാബു വലിയവീടന് ഉദ്ഘാടനം ചെയ്തു.
വാര്ഡ് അംഗം എം.ജി. കൊച്ചുമോന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ആര്. സിന്ധു, സ്ഥിരം സമിതി ചെയര്പേഴ്സണ്മാരായ റീത്താമ്മ, റെറ്റി ചെറിയാന്, പഞ്ചായത്തംഗങ്ങളായ സരിത പ്രദീപ്, അജിത് പിഷാരത്ത്, കൃഷി അസി. ആതിര പ്രസന്നന് എന്നിവര് നേത്യത്വം നല്കി.
District News
വടക്കഞ്ചേരി: കനാൽവെള്ളം കിട്ടാതെ ഉണക്കുഭീഷണിയിലായ കൃഷി കൊയ്തെടുത്ത് കർഷകർ. കിഴക്കഞ്ചേരി വേങ്ങശേരി, അവിഞ്ഞിപ്പാടത്തെ കർഷകരാണ് നെല്ല് പൂർണമായും മൂപ്പെത്തും മുമ്പെ കൊയ്തെടുക്കുന്നത്. എല്ലാം ഉണങ്ങി ഒന്നും കിട്ടാത്തതിൽ ഭേദം എന്തെങ്കിലും കിട്ടുന്നതല്ലേ എന്ന മട്ടിലാണ് കർഷകർ യന്ത്രസഹായത്തോടെ കൊയ്ത്ത് നടത്തുന്നത്.
ചെറിയ ചാൽ വഴിയാണ് ഡാമിലെ വെള്ളം പാടശേഖരത്തിലേക്ക് എത്തുന്നത്. എന്നാൽ പാടശേഖരം ഉയർന്നുനിൽക്കുന്നതിനാൽ മതിയായ തോതിൽ വെള്ളം പാടശേഖരങ്ങളിലേക്ക് എത്തുന്നില്ലെന്ന് കർഷകർ പറയുന്നു. ചാലിലൂടെ വരുന്ന വെള്ളത്തിന് ശക്തി കുറവായതും ഉയർന്ന കണ്ടങ്ങളിലേക്ക് വെള്ളം കയറാനാകാത്ത സ്ഥിതി ഉണ്ടാകുന്നുണ്ട്.കനാൽവെള്ളം കിട്ടിയില്ലെങ്കിൽ പാടശേഖരത്തിലെ ബോർവെല്ലിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് കൃഷി നടത്തിയിരുന്നത്.
എന്നാൽ ബോർവെല്ലിലും വെള്ളം ഇല്ലാതായപ്പോൾ കൃഷി ഉണക്കത്തിലായി. പാട്ടത്തിന് സ്ഥലമെടുത്ത് നെൽകൃഷി ചെയ്തവർക്കാണ് ഇതുമൂലം നഷ്ടകണക്ക് കൂടുക.
ഇതിനടുത്ത് എരിക്കിൻച്ചിറ തൊഴുത്തുംപ്പാറ പാടത്തും വെള്ളമില്ലാതെ നെൽകൃഷി ഉണക്കത്തിലാണ്. നെല്ലിന്റെ സംഭരണ നടപടികളും ആരംഭിച്ചിട്ടേയുള്ളു. ഇപ്പോൾ കൊയ്ത്ത് നടത്തുന്നവർക്ക് അത്തരം ആനുകൂല്യങ്ങളും കിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സംഭരണ നടപടികൾക്ക് മുമ്പത്തേക്കാൾ സ്പീഡ് വരുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്.
സംഭരണവില കിലോക്ക് 30 രൂപയാണെങ്കിലും സ്വകാര്യ മില്ലുകാർ 21 രൂപയ്ക്കാണ് നെല്ലെടുക്കുന്നതെന്ന് കർഷകർ പറയുന്നു. ഈ വിലതന്നെ കിട്ടാൻ കർഷകർ കൊടുക്കുന്ന നെല്ലിന് ഏറെ കുറവുകളും മില്ലുകാർ കണ്ടെത്തും.
ഒടുവിൽ വാഹനം വാടകയ്ക്ക് വിളിച്ച് കൊണ്ടുപോകുന്ന നെല്ല് തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ എന്ന് കരുതി പോരായ്മകൾ കേട്ടുനിന്ന് കിട്ടിയ വിലയ്ക്ക് നെല്ലുവിറ്റ് മടങ്ങുകയാണ് കർഷകർ ചെയ്യുന്നത്.
District News
നടവരമ്പ്: നടവരമ്പ് ഗവ. ഹയര്സെക്കന്ഡറി സ്കൂളിലെ ഒന്നര ഏക്കര് നെല്കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് മുരിയാട് ഡിവിഷന് മെമ്പര് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനംചെയ്തു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന് അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, പ്രിന്സിപ്പല് പ്രീതി, പ്രധാനാധ്യാപിക ഉഷ, വിഎച്ച്എസ്ഇ അധ്യാപകന് ഷമീര് തുടങ്ങിയവര് സംസാരിച്ചു.
പിടിഎ അംഗങ്ങളായ ഗീതാഞ്ജലി ബിജു, സന്ധ്യാ മനോജ് എന്നിവരും ചടങ്ങില് സംബന്ധിച്ചു. വിദ്യാലയത്തിലെ വിവിധ യൂണിറ്റുകളും എക്കോ ക്ലബും സംയുക്തമായാണ് നെല്ക്കൃഷിയുടെ സംഘാടനം. കഴിഞ്ഞ 17 വര്ഷത്തിലധികമായി ഇവിടെ നെല്ക്കൃഷി ചെയ്യുന്നു.
Kerala
കോട്ടയം: കൊയ്ത്തും സംഭരണവും അരിമില്ലുലോബിക്ക് കൃഷി വകുപ്പ് തീറെഴുതി കര്ഷകരെ പറ്റിക്കുന്നു. കുട്ടനാടന് പാടങ്ങളില് രണ്ടാഴ്ച മുന്പ് കൊയ്തുകൂട്ടിയ വിരിപ്പുകൃഷിയുടെ നെല്ല് സംഭരിക്കാന് ഒരു മില്ലുകാരും മുന്നോട്ടുവരുന്നില്ല. വിതമുതല് കൃഷിവകുപ്പിന്റെ അനുമതിയോടെയായിരിക്കെ 120 ദിവസമായാല് നെല്ല് കൊയ്യേണ്ടതാണെന്ന തിരിച്ചറിവ് സര്ക്കാരിനില്ലാത്തതാണ് നിലവിലെ പ്രതിസന്ധി.
കിഴിവുകൊള്ള
തുലാമഴ ശക്തിപ്പെട്ട് നെല്ല് പാടങ്ങളിലും വരമ്പത്തും നനയാന് കാത്തിരിക്കുകയാണ് സംഘടിത മില്ലുടമകള്. നിലവില് നൂറു കിലോയ്ക്ക് 20 കിലോവരെ കിഴിവു കൊടുക്കണമെന്നാണ് മില്ലുകളുടെ നിലപാട്. കിഴിവിന്റെ പേരില് വിലപേശല് നടത്താന് മില്ലുകാര് ഇടനിലക്കാരെയും പാടങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. വിളയുന്ന നെല്ല് അപ്പാടെ സംഭരിക്കാനും കുത്തി അരിയാക്കി പൊതുവിപണിയില് എത്തിക്കാനും സര്ക്കാരിനു സാധിക്കാത്ത കാലത്തോളം മില്ലുകാരുടെ ചൂഷണം തുടരും.
തുലാമഴയ്ക്ക് ശമനമുണ്ടായ സാഹചര്യത്തില് നിലവില് കൊയ്യുന്ന നെല്ലിന് കാര്യമായ ഈര്പ്പമില്ല. കിഴിവില്ലാതെ ഈ നെല്ല് കൈമാറ്റം ചെയ്യാന് സപ്ലൈകോ ഉദ്യോഗസ്ഥരും തയാറാകുന്നില്ല.
കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് 30 കിലോ വരെ നെല്ല് മില്ലുകാര് കിഴിവ് എന്ന പേരില് കര്ഷകരില്നിന്ന് കൊള്ളയടിച്ചു. നിലവില് ഒരു കിലോ നെല്ലിന് 30 രൂപ നിരക്കില് നൂറു കിലോ നെല്ലിന് 900 രൂപയാണ് കിഴിവിന്റെ പേരില് കര്ഷകനു നഷ്ടം. ഒരു ടണ് നെല്ല് വിറ്റാല് നഷ്ടം 9,000 രൂപ.
നേട്ടമില്ലാത്തതു കർഷകർക്കുമാത്രം
നിലവില് നെല്കൃഷിയുടെ നേട്ടം കൊയ്ത്ത് യന്ത്രം ഉടമകള്ക്കും യന്ത്രം എത്തിക്കുന്ന ഇടനിലക്കാര്ക്കും നെല്ല് ഏറ്റെടുക്കുന്ന മില്ലുകാര്ക്കുമാണ്. താങ്ങുവില 30 രൂപയാക്കിയതോടെ യന്ത്രം വാടകയും ചുമട്ടുകൂലിയും വര്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. 100 കിലോ നെല്ല് മില്ലുകാര് ഏറ്റെടുത്താല് 68 കിലോ അരി തിരികെ നല്കണമെന്നാണ് കേന്ദ്ര നിര്ദേശം. എന്നാല് കേരളത്തില് 64 കിലോ മാത്രമാണ് മില്ലുകാര് തിരികെ കൊടുക്കുന്നത്.
കഴിഞ്ഞ രണ്ടാം വിളക്കാലത്ത് കൃഷിയിടങ്ങളിലും മില്ലുകളിലും കാര്ഷിക സര്വകലാശാല ഗവേഷണവിഭാഗം വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. പരിശോധനയില് നെല്ലില്നിന്ന് 70 ശതമാനത്തോളം അരി ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. കുത്തുകൂലിക്കു പുറമെ തവിടെണ്ണ, ഉമി, നുറുക്കരി തുടങ്ങിയവയുടെ വരുമാനവും മില്ലുകാര്ക്കാണ്.