ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ രോഗത്തിന് ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.ചങ്ങനാശേരി പുഴവാത് പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസൻ കുഞ്ഞിന്റെ ഭാര്യ ഹസീന( 49 ) ആണു മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു മരണം. മതിയായ ചികിത്സ കിട്ടിയില്ലന്നും സംഭവത്തിൽ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്നും ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. സെപ്റ്റംബർ 17ന് ആയിരുന്നു ഹസീനയെ ഹെർണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
18നു ശസ്ത്രക്രിയ നടത്തിയ ശേഷം വാർഡിലേക്കു മാറ്റി. 25ന് ഹസീനയെ ഡിസ്ചാർജ് ചെയ്തു. ഈ സമയം ഹസീനയ്ക്ക് ശാരീരിക അസ്വസ്ഥതകളും വയറിന് അമിത വേദനയും പനിയും ഉണ്ടായിരുന്നു. ഇതു ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ലെന്ന് ഭർത്താവ് ഹസൻ കുഞ്ഞ് പറഞ്ഞു. പനിക്കുള്ള പാരസെറ്റാമോൾ ഗുളിക നൽകി ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലേക്കു പോയ ഹസീനയുടെ ആരോഗ്യസ്ഥിതി വഷളായി. ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ തുന്നലിൽനിന്ന് രക്തവും പഴുപ്പും പുറത്തേക്ക് വന്നു തുടങ്ങി.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 28നു രാത്രിയോടെ വീണ്ടും ഹസീനയെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വയറിൽ അമിതമായി രക്തവും പഴുപ്പും കെട്ടിക്കിടന്നതിനാൽ പഴുപ്പ് കുത്തിയെടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം ഹസീനയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. 30ന് സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്നും രക്തവും പഴുപ്പും വീണ്ടും ഒഴുകി.
വലിയ തോതിൽ രക്തം ഒഴുകിയപ്പോഴും വേണ്ടത്ര പരിചരണം നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ വീട്ടമ്മയുടെ വയറ് വീർക്കുകയും ശസ്ത്രക്രിയ ചെയ്ത തുന്നൽ പൊട്ടി അമിതമായി രക്തവും പഴുപ്പും പുറത്തു ചാടുകയും ചെയ്തു. ഹസീനയെ ഉടനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു
ഹസീനയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അറിയിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇക്കാര്യത്തിൽ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചതാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലിസിൽ പരാതി നൽകി.
ആശുപത്രി സൂപ്രണ്ട്, ഡിഎംഒ , ആരോഗ്യ മന്ത്രി തുടങ്ങിയവർക്കും പരാതി നൽകുമെന്നും ഭർത്താവ് ഹസൻ കുഞ്ഞ് സൂചിപ്പിച്ചു.അതേസമയം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.
ഹസീനയുടെ കബറടക്കം ഇന്ന് നടക്കും. മക്കൾ: അസീഫ് (ചങ്ങനാശേരി അസംഷൽ കോളജ്, ബികോം രണ്ടാം വർഷ വിദ്യാർഥി ), ഹെന്ന ( യുകെ, ചാർട്ടേഡ് അക്കൗണ്ടന്റ് ).