ഹേഗ്: യുദ്ധക്കുറ്റകൃത്യത്തിന്റെ പേരിൽ കൊസോവോ മുൻ പ്രസിഡന്റ് ഹാഷിം താചിക്ക് 25 വർഷം തടവ്.
കൊസോവ സ്വാതന്ത്ര്യസമരകാലത്ത് നടന്ന കൊലപാതകം, പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹേഗിലെ പ്രത്യേകകോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. യുദ്ധക്കുറ്റം ചുമത്തിയതിനു പിന്നാലെ ഹാഷിം താചി (58) ആറു വർഷം മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
സെർബിയയിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ കൊസോവോ ലിബറേഷൻ ആർമിയുടെ (കെ.എൽ.എ) കമാൻഡറായിരുന്ന താചി നാലു പ്രധാന യുദ്ധക്കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് യൂറോപ്യൻ യൂണിയന്റെ പിന്തുണയുള്ള കോടതി കണ്ടെത്തിയിരുന്നു. താചിക്കൊപ്പം മൂന്നു കെഎൽഎ നേതാക്കളും വിചാരണ നേരിടുന്നുണ്ടായിരുന്നു.
സ്വാതന്ത്ര്യസമര നായകരായ കദ്രി വെസ്ലി, റെക്ഷെപ് സെലിമി, ജാകുപ് ക്രാസ്നിക്കി എന്നിവരെയും കേടതി ശിക്ഷിച്ചു. വെസ്ലിക്ക് 18 വർഷവും സെലിമിക്ക് 13 വർഷവും ക്രാസ്നിക്കിന് 25 വർഷവും തടവാണ് വിധിച്ചത്.