മീററ്റിലെ ഹസൻപൂർ ഖാദിം ഗ്രാമത്തിൽ കൃഷിയിടത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് കൂറ്റൻ മലമ്പാമ്പ് ഇഴഞ്ഞെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഗ്രാമവീഥിയിലൂടെ നീങ്ങിയ പാമ്പ് സമീപത്തെ ഒരു വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പ്രദേശവാസികൾ തടിച്ചുകൂടുകയായിരുന്നു.
സാഹസികമായി പാമ്പിനെ തടഞ്ഞുനിർത്തിയ ഗ്രാമവാസികളിലൊരാൾ അത് വീടിനുള്ളിലേക്ക് കയറുന്നത് ഒഴിവാക്കി. വിവരം ഉടനടി വനപാലകരെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം നാട്ടുകാരുടെ സഹായത്തോടെ മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
തുടർന്ന് ജനവാസമേഖലയിൽ നിന്ന് മാറ്റി ഹസ്തിനപൂർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടതോടെയാണ് ഗ്രാമവാസികൾക്ക് ആശ്വാസമായത്. വന്യജീവികളെ കണ്ടെത്തിയാൽ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കാതെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി.