ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ) ഇന്നലെ 400 കടന്നു. ഇതോടെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽനിന്നു ‘ഗുരുതരം’ എന്ന നിലയിലേക്ക് താഴ്ന്നു.
ഇന്നലെ പുലർച്ചെ ഡൽഹിയിലെ പ്രതിദിന ശരാശരി എക്യുഐ 403 ആയാണു രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തിലെ ഏറ്റവും മലിന നഗരമായി ഡൽഹി മാറി.
അതേസമയം, വായുവിലെ മലിനീകരണ വസ്തുക്കളുടെ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ നിലവാരം വിലയിരുത്തുന്ന സ്വിസ് ഏജൻസിയായ ഐക്യു എയറിന്റെ കണക്കിൽ ഇന്നലെ പുലർച്ചെ ഡൽഹിയിലെ എക്യുഐ 334 ആയിരുന്നു. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (ഇപിഎ) മാനദണ്ഡമനുസരിച്ച് 300ന് മുകളിലുള്ള എക്യുഐ ‘അപകടകരം’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
വായുനിലവാരം അളക്കുന്നതിനും തരംതിരിക്കുന്നതിനും വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനാൽ സിപിസിബിയുടെയും ഐക്യു എയറിന്റെയും കണക്കുകളിൽ വ്യത്യാസമുണ്ട്. ഐക്യു എയറിന്റെ ആഗോള നഗര മലിനീകരണ പട്ടികയിൽ പാക്കിസ്ഥാനിലെ ലാഹോറിനെ മറികടന്നാണ് ഡൽഹി ഇന്നലെ ഒന്നാമതെത്തിയത്.