ആലക്കോട്: മഴക്കാല രോഗപ്രതിരോധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശന കാമ്പയിന് തുടക്കം. ആലക്കോട് പഞ്ചായത്തിന്റേയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്ര ത്തിന്റേയും നേതൃത്വത്തിലാണ് ആരോഗ്യജാഗ്രത കാമ്പയിൻ സംഘടിപ്പിച്ചത്. കൊതുകുജന്യ - ജന്തുജന്യ - ജലജന്യ രോഗങ്ങൾക്കെതിരേ പ്രതിരോധ ബോധവത്കരണമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഗൃഹസന്ദർശനത്തിൽ ലഘുലേഖയും വിതരണം ചെയ്യും.
തോട്ടങ്ങളിലും, വീട്ടു പരിസരങ്ങളിലും കൊതുകു വളരുവാനുള്ള സാഹചര്യം ഒഴിവാക്കുക, വ്യക്തി - പരിസര -കുടിവെള്ള ശുചിത്വം പാലിക്കുന്നതിലൂന്നിയാണ് ബോധവത്കരണം. അരങ്ങത്ത് സംഘടി പ്പിച്ച കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ വത്സമ്മ വാണിശേരി, ജോൺസൺ ചിറവയൽ, പഞ്ചായത്തംഗങ്ങളായ ലിജി മാത്യു, എം.സി. വർക്കി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സിമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, വി.ടി.ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.