കൊച്ചി: ചികിത്സകളെക്കുറിച്ചുള്ള അനാവശ്യ ആശങ്ക ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ വൈകാൻ കാരണമാകരുതെന്ന് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള (ഐസിസികെ).
ഓരോ ചികിത്സയ്ക്കും വ്യക്തമായ വൈദ്യശാസ്ത്രപരമായ ആവശ്യകത ഉണ്ടായിരിക്കണമെന്ന നിലപാടിനോടു പൂർണമായി യോജിക്കുന്നതായും സംഘടന അറിയിച്ചു.
അനാവശ്യ പരിശോധനകളും ആൻജിയോപ്ലാസ്റ്റിയും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഐസിസികെയുടെ വിശദീകരണം.
ഹൃദയാഘാതസമയത്ത് നടത്തുന്ന അടിയന്തര ആൻജിയോപ്ലാസ്റ്റിയെ മുൻകൂട്ടി നിശ്ചയിച്ച ചികിത്സയുമായി താരതമ്യം ചെയ്യാനാകില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ പെട്ടെന്ന് അടയുമ്പോൾ എത്രയും വേഗം രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നത് ഹൃദയപേശി സംരക്ഷിക്കാനും പലപ്പോഴും ജീവൻ രക്ഷിക്കാനും അടിയന്തര ആൻജിയോപ്ലാസ്റ്റി നിർണായകമാണ്.
കേരളത്തിൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റികളിൽ 70 ശതമാനത്തിലേറെയും അടിയന്തരവും ഗുരുതരവുമായ ഹൃദയാവസ്ഥകളുമായി ബന്ധപ്പെട്ടവയാണെന്ന് ഐസിസികെ പ്രസിഡന്റ് ഡോ. ടി. രാജേഷ് പറഞ്ഞു.