ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ഷാങ്പിംഗ് നഗരത്തിൽ ഫ്ലാറ്റിന്റെ 12-ാം നിലയിലെ ജനൽ ഗ്രില്ലിൽ കുടുങ്ങിയ മൂന്ന് വയസുകാരിയെ അയൽവാസികളും അഗ്നിരക്ഷാസേനയും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
അമ്മ സാധനങ്ങൾ വാങ്ങാനായി പുറത്തുപോയ സമയത്ത് കുട്ടി ജനലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തല ഗ്രില്ലിന്റെ അഴികൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടി തൂങ്ങിക്കിടക്കുന്നത് കണ്ട സമീപവാസികൾ ഉടൻ തന്നെ താഴത്തെ നിലയിലെ ഫ്ലാറ്റിലെത്തി ജനലിലൂടെ സ്റ്റൂൾ ഉയർത്തിപ്പിടിച്ച് കുഞ്ഞിന് താങ്ങു നൽകി.
പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വാതിൽ പൊളിച്ച് അകത്തുകടന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ചെറിയ കുട്ടികളെ വീടുകളിൽ ഒറ്റയ്ക്കാക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.