റിയാദ്: സൗദി അറേബ്യക്കു നേരേ ഹൂതി വിമതർ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സൗദി സഖ്യസേന യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരേ വ്യാപക വ്യോമാക്രമണം ആരംഭിച്ചു.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധക്കടത്തിന്റെയും മിസൈൽ കൈമാറ്റത്തിന്റെയും പ്രധാന കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഹൊദൈദ തുറമുഖവും സമീപ പ്രദേശങ്ങളുമാണ് സഖ്യസേന പ്രധാനമായും ലക്ഷ്യമിട്ടത്. തിരിച്ചടിയായി സൗദിയുടെ ചെങ്കടൽ തീരത്തെ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായി.
സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപനിധിയായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ആസ്ഥാനമായ റിയാദിലെ ഉയരം കൂടിയ കെട്ടിടത്തിനു നേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സഖ്യസേനയുടെ തിരിച്ചടി.
ഹൊദൈദ തുറമുഖത്തെ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനും കൈമാറാനും ഉപയോഗിച്ചിരുന്ന സംവിധാനങ്ങൾ തകർത്തതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സന, സാദ, തായിസ് ഗവർണറേറ്റുകളിലും സൈനികനടപടി തുടരുകയാണ്. യെമൻ തലസ്ഥാനമായ സനയിലെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ശേഷികൾ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ന്യായീകരിച്ച് യെമൻ മന്ത്രി
ആക്രമണത്തെ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ വാർത്താവിനിമയ മന്ത്രി സലേം അൽ അവ്ലഖി ന്യായീകരിച്ചു. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയശേഷമാണു ഹൊദൈദയിൽ സൈനികനടപടി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് കപ്പലുകളിൽ എത്തിക്കുന്ന ആയുധങ്ങൾ, പ്രത്യേകിച്ച് ബാലിസ്റ്റിക് മിസൈലുകൾ കൈമാറാൻ ഉപയോഗിക്കുന്ന തുറമുഖമാണിതെന്നും സംഘർഷത്തിലേക്ക് തുറമുഖത്തെ വലിച്ചിഴച്ചതിന്റെ ഉത്തരവാദികൾ ഹൂതികളാണെന്നും അദ്ദേഹം ആരോപിച്ചു.
തിരിച്ചടിക്കുമെന്ന് ഹൂതികൾ
ആക്രമണത്തിനു തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഹൂതികൾ. സൗദിയുടെ ചെങ്കടൽ തീരത്തെ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ എക്സിലൂടെ മുന്നറിയിപ്പ് നൽകി. തുറമുഖങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഉടൻ ഒഴിഞ്ഞുപോകണമെന്നും കപ്പലുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും മണിക്കൂറുകളിൽ സൈനിക നീക്കങ്ങളുണ്ടാകുമെന്നതിനാൽ വിമാനങ്ങൾ സൗദി വ്യോമാതിർത്തി ഒഴിവാക്കണമെന്നും നിർദേശിച്ചു. അതേസമയം, മക്ക, മദീന എന്നീ നഗരങ്ങൾക്കു സമീപമുള്ള വ്യോമാതിർത്തിയെ മുന്നറിയിപ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.