വാഷിംഗ്ടൺ ഡിസി: മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി വൻ പരാജയം രുചിച്ചതിനു പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും കസേര തെറിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ട്രംപ് ഭരണകൂടം. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിനു കാരണമായ ഇറേനിയൻ യുദ്ധത്തിൽ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മാർക്കോ റൂബിയോ പദവി ഒഴിഞ്ഞ് 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം നേടുന്നതിനു ശ്രമിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, അദ്ദേഹം ഇക്കാര്യം നേരിട്ട് നിഷേധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ വിദേശകാര്യ സെക്രട്ടറിയായി തുടരാനാണു താത്പര്യമെന്നു റൂബിയോ പറഞ്ഞു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനു പകരം മുതിർന്ന ജനറൽമാരായ ഡാൻ കെയ്നിനെയും ബ്രാഡ് കൂപ്പറിനെയും ട്രംപ് പരിഗണിച്ചേക്കുമെന്നാണു മറ്റൊരു റിപ്പോർട്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ ഹെഗ്സെത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഹെഗ്സെത്ത് പദവിയിൽ തുടരുന്നതിനെ അനുകൂലിക്കുന്നതായി ട്രംപ് പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അമേരിക്കയിലേക്കു തട്ടിക്കൊണ്ടുവന്നത് ഹെഗ്സെത്തിന്റെ നേട്ടമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻ നേതാവ് തോമസ് മാസി ആണ് ഹെഗ്സെത്തിനെ പുറത്താക്കാൻ രംഗത്തുള്ളത്. ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം കൊണ്ടുവരുമെന്ന് മാസി പറഞ്ഞു.