ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചാണ് ധർമേന്ദ്ര വിട വാങ്ങിയതെന്നും അദ്ദേഹം ഇല്ലാത്തതിന്‍റെ ശൂന്യത ജീവിതാവസനം വരെ നിലനിൽക്കുമെന്നും നടി ഹേമമാലിനി. ധർമേന്ദ്രക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.
‘ധരം ജി... അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ കുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങൾക്കും ഓടിച്ചെല്ലാൻ കഴിയുന്ന വ്യക്തി, അങ്ങനെ പലതുമായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു! നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും ഞങ്ങൾ എപ്പോഴും കടന്നുപോയിട്ടുണ്ട്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റംകൊണ്ട് അദ്ദേഹം എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും സ്നേഹത്തിന് പാത്രമായി.
ഒരു പൊതു വ്യക്തിത്വം എന്ന നിലയിൽ, കഴിവിനും പ്രശസ്തിക്കുമപ്പുറമുള്ള അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന്‍റേതായി നിലനിൽക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനിൽക്കും.
എന്‍റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്‍റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതിന് ശേഷം നിരവധി നല്ല നിമിഷങ്ങളുടെ എണ്ണമറ്റ ഓർമകൾ അവശേഷിപ്പിച്ച് അദ്ദേഹം പോയിരിക്കുന്നു.’ ഹേമമാലിനി കുറിച്ചു.
നവംബർ 24ന് ആണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.