കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നിന്ന് മനുഷ്യത്വത്തിന്റെ മുഖമായി ഒരു ആംബുലൻസ് ജീവനക്കാരൻ.
മുകളിൽ നിന്ന് ഏതുസമയത്തും പാറക്കല്ലുകൾ പതിച്ചേക്കാവുന്ന അപകടം പിടിച്ച വഴിയിലൂടെ, സ്വന്തം ജീവൻ പണയംവെച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും നെഞ്ചോട് ചേർത്തുപിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെത്തുന്ന ഇദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.
ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു. റോഡ് പൂർണമായി തകർന്ന് ചെളിയും കല്ലുകളും നിറഞ്ഞ ദുർഘടമായ പാതയിലൂടെ അതീവ ജാഗ്രതയോടെയാണ് ഇദ്ദേഹം കുഞ്ഞുമായി ഓടുന്നത്.
പ്രകൃതിദുരന്തങ്ങൾ കവർന്നെടുക്കുന്ന മലയോര മേഖലകളിൽ സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ ജനങ്ങളെ സേവിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകരുടെ ആത്മാർഥതയ്ക്കുള്ള ഉത്തമ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു.
റോഡ് ഗതാഗതം സ്തംഭിച്ച പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജീവൻ രക്ഷാപ്രവർത്തനം തുടരുന്ന ഇത്തരം യഥാർഥ നായകർക്ക് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.