കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി ഹൈബി ഈഡന് എംപി സംഘടിപ്പിക്കുന്ന ഏയ് ഓട്ടോ വെല്‍നെസ് ക്യാമ്പിന്റെ അഞ്ചാമത്തെ ക്യാമ്പ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ചു. തമ്മനം പള്ളിപ്പടി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഓട്ടോത്തൊഴിലാളികള്‍ പങ്കെടുത്തു. ബിപിസിഎല്‍ കൊച്ചിയുടെ സിഎസ്ആര്‍ പിന്തുണയോടെ ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ജീവിതശൈലി രോഗ നിര്‍ണയത്തിനാവശ്യമായ രക്തസാമ്പിളുകള്‍ ക്യാമ്പില്‍ ശേഖരിച്ചു. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിസള്‍ട്ടുകള്‍ ഓരോരുത്തരുടെയും വാട്സ്അപ്പില്‍ ലഭ്യമാക്കും. ദന്ത, കാഴ്ച, കേള്‍വി പരിശോധനയും നടത്തി. കണ്ണട ആവശ്യമായി വരുന്നവര്‍ക്ക് അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് ഹൈബി ഈഡന് എം പി അറിയിച്ചു. ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കുള്ള പിഎഫ്ടി, ഇസിജി, ജനറല്‍ മെഡിസിന്, പള്‍മനറി തുടങ്ങിയ വിഭാഗങ്ങളിലെ പരിശോധനകളും നടത്തി.
ഉമ തോമസ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കൗണ്‍സിലര്‍മാരായ ഗേളി റോബര്‍ട്ട്, മോളി ചാര്‍ളി, ബിപിസിഎല്‍ കൊച്ചി സിഎസ്ആര്‍ മാനേജര്‍ ടോം ജോസഫ്, സിഎസ്ആര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മുഹമ്മദ് നിസാര്‍, ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹസൈന്, ഡയറക്ടര്‍ ഡോ. അഷ്ന ഹനീഷ്, എഐഡബ്ല്യൂസി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, സക്കീര്‍ തമ്മനം തുടങ്ങിയവര്‍ പങ്കെടുത്തു.