ഇന്ത്യയിൽ ഇപ്പോൾ കർഷകർക്കുവേണ്ടിയുള്ള കാർബൺ ക്രെഡിറ്റ് പദ്ധതികൾ പ്രധാനമായും മൂന്ന് വിഭാഗത്തിൽപ്പെട്ട ഏജൻസികളാണ് നടപ്പാക്കി വരുന്നത്. കാർബൺ ഫാമിംഗിനു വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഏജൻസികളാണ് ആദ്യത്തേത്. അഗ്രി സ്റ്റാർട്ടപ്പുകളാണ് ഇതിൽ കൂടുതലും. കർഷകരിൽനിന്നു കാർബൺ ക്രെഡിറ്റുകൾ വാങ്ങി, തങ്ങളുടെ കാർബൺ ബഹിർഗമനം കുറച്ചതായി കാണിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ രൂപീകരിച്ച സബ്സിഡിയറി കമ്പനികളാണ് രണ്ടാമത്തെ വിഭാഗം. ബഹുരാഷ്ട്ര കമ്പനികളായ ബെയറും ആമസോണും ചേർന്ന് ഈ വർഷം ഏപ്രിലിൽ രൂപീകരിച്ച ‘ഗുഡ് റൈസ് അലയൻസാ’ണ് ഒരുദാഹരണം. ജൈവകൃഷി, കാർഷിക കയറ്റുമതി തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളാണ് മൂന്നാമത്തെ വിഭാഗം. ഇവയ്ക്ക് കാർബൺ ഫാമിംഗ് പുറമെയുള്ള അധികച്ചുമതലയാണ്.
വൻകിട ഫാമുകളുള്ള അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട കാർബൺ ക്രെഡിറ്റ് പദ്ധതികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ കാർഷിക കാർബൺ വിപണിയിൽ പത്തോളം വൻകിട കമ്പനികളാണ് ഇപ്പോൾ കടുത്ത മത്സരത്തിൽ. 40 ലക്ഷം ഹെക്ടർ കൃഷി സ്ഥലത്തുനിന്നു പ്രതിവർഷം 12 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ ഒഴിവാക്കുകയോ വേർതിരിച്ചു സംഭരിക്കുകയോ ചെയ്യാനാണ് ഈ കമ്പനികൾ ലക്ഷ്യമിടുന്നത്. വരാഹ, ഗ്രോ ഇൻഡിഗോ, ഭൂമിത്ര എന്നിവയാണ് ഈ മേഖലയിലെ പ്രബലരായ ഇന്ത്യൻ കമ്പനികൾ. കൃഷിയിലെ കാർബൺ വിപണിക്കു വേണ്ടിയുള്ള ചട്ടക്കൂടും അഗ്രോഫോറസ്ട്രി നഴ്സറികളുടെ അക്രഡിറ്റേഷൻ പ്രോട്ടോക്കോളും 2024 ജനുവരിയിൽ കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ചു. കാർബൺ ഫാമിംഗ് കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കുമെന്ന് വൻ പ്രചാരണമുണ്ടെങ്കിലും കാർബൺ ക്രെഡിറ്റുകൾ നേടിയെടുക്കുന്നത് അനായാസകരമായ നടപടിയല്ല.
കാർബൺ ഫാമിംഗിന്റെ ലോകത്തിലെതന്നെ ഏറ്റവും വലിയ പരീക്ഷണശാലകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. മുമ്പ് കാർബൺ ക്രെഡിറ്റുകൾ വിപണിയിൽനിന്നു വില കൊടുത്തു വാങ്ങിയിരുന്ന വൻകിട കമ്പനികൾ പലതും ഈ മേഖലയിൽ നേരിട്ട് നിക്ഷേപം നടത്താൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം പ്രോത്സാഹിപ്പിച്ച്, ഭൂമി ശോഷണത്തിനും മണ്ണിലെ കാർബൺ നഷ്ടത്തിനും വഴിതെളിച്ചവരാണ് ഈ കമ്പനികളിൽ ചിലതെന്നതാണ് വൈരുദ്ധ്യം. ഇന്ത്യയുടെ കാർബൺ മാർക്കറ്റ് 2025ൽ 417 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം തുടക്കമിട്ട ഇന്ത്യൻ കാർബൺ മാർക്കറ്റ് സജീവമാകുന്നതോടെ 2032ൽ ഇത് 4,824 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നിലവിലുള്ള കൃഷിക്ക് കാർബൺ ക്രെഡിറ്റില്ല
നിലവിലുള്ള തോട്ടങ്ങളും അതിലെ വൃക്ഷങ്ങളും അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡയോക്സൈഡ് വേർതിരിച്ചെടുത്ത് സംഭരിക്കുന്നുണ്ടെങ്കിലും അതിന് കാർബൺ ക്രെഡിറ്റ് ലഭിക്കില്ല. അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉത്സർജനം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പരമാവധി വേർതിരിച്ചെടുത്ത് മണ്ണിൽ സംഭരിക്കുന്നതിനും വേണ്ടി കർഷകർ അധികമായി ഏറ്റെടുത്ത് നടപ്പാക്കുന്ന പുതിയ കാർഷിക പ്രവർത്തനങ്ങൾക്കാണ് കാർബൺ ക്രെഡിറ്റ്. നിലവിലുള്ള ഒരു കാർഷിക പ്രവർത്തനത്തിന്റെ സ്വാഭാവിക പരിണാമത്തിന് ക്രെഡിറ്റ് ലഭിക്കില്ല. ആദ്യംതന്നെ കാർബൺ ഫാമിംഗ് പദ്ധതി ഇല്ലായിരുന്നെങ്കിൽ കൃഷിയിടത്തിൽനിന്ന് എത്രമാത്രം ഹരിതഗൃഹ വാതക വിസർജനം നടക്കുമായിരുന്നുവെന്നും എത്രമാത്രം കാർബൺ ഡയോക്സൈഡ് ആഗീരണം ചെയ്യപ്പെടുമായിരുന്നുവെന്നും കണക്കാക്കും. ഈ അടിസ്ഥാന കണക്കിൽനിന്നു കാർബൺ ഫാമിംഗ് നടപ്പാക്കിയതിലൂടെ അധികമായി എന്ത് മാറ്റമുണ്ടാക്കി എന്ന് വിലയിരുത്തിയാകും കാർബൺ ക്രെഡിറ്റ് നൽകുക. ഇതിലുണ്ടാകുന്ന വിവിധ ചോർച്ചകളും കാർബൺ ക്രെഡിറ്റ് നൽകുന്നതിനു മുമ്പ് കിഴിക്കും.
നേട്ടം ഇടത്തട്ടുകാർക്ക്
കാർബൺ ക്രെഡിറ്റ് വിൽപനയിൽ കർഷകരേക്കാൾ നേട്ടം കൊയ്യുന്നത് ഇടത്തട്ടുകാരാണെന്നതാണ് പ്രധാന വിമർശനം. കാർബൺ ക്രെഡിറ്റുകൾ ഒരു വിപണിയധിഷ്ഠിത സംവിധാനമാണ്. കമ്പനികളുടെ ലാഭത്തിനാണ് പ്രാഥമിക പരിഗണന. കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കുന്നതോ കർഷക ക്ഷേമം ഉറപ്പാക്കുന്നതോ ഇതിന്റെ ലക്ഷ്യമല്ല. പ്രോജക്ട് ഡെവലപ്പർമാരായ കമ്പനികളുടെ സാമ്പത്തിക നേട്ടമാണ് ഇതിൽ പങ്കെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. കർഷകരുമായുള്ള കാർബൺ ക്രെഡിറ്റ് കരാറുകൾ പലപ്പോഴും സുതാര്യമല്ല. ‘കർഷകൻ ആദ്യം’ എന്ന നിലപാട് കമ്പനികൾക്കില്ല. ലാഭത്തിന്റെ ന്യായമായ വിഹിതം കർഷകർക്കു കൈമാറാൻ കമ്പനികൾ മടികാണിക്കും. കർഷകർ കൃഷിഭൂമിയും അധ്വാനവും കാർബൺ ഫാമിംഗിനു വേണ്ടി മാറ്റി വയ്ക്കുമ്പോൾ ലാഭത്തിന്റെ അധികപങ്കും കമ്പനികൾ കൊണ്ടുപോകുന്നു.
വരുമാനനഷ്ടവും ഭക്ഷ്യസുരക്ഷയും
രാസവളങ്ങളും രാസ കീടനാശിനികളുമെല്ലാം പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ കൃഷിരീതികളാണ് കാർബൺ ഫാമിംഗിൽ ശിപാർശ ചെയ്യുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ ഫാമിംഗ് പദ്ധതി തുടങ്ങി കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള കാത്തിരിപ്പ് കാലം ഇന്ത്യയിൽ താരതമ്യേന കൂടുതലാണ്. നാല് വർഷം വരെയെടുത്തേക്കാം. ഈ പരിവർത്തന കാലഘട്ടത്തിൽ വിളവ് കുറയുന്നത് കർഷകരുടെ വരുമാനത്തെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. ഡോക്യുമെന്റേഷൻ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ കർഷകർക്ക് ചെലവും കൂടുതലായിരിക്കും.
പുനരുജ്ജീവന കൃഷിയും ബയോചാറും
ഇന്ത്യയിൽ നടപ്പാക്കുന്ന കാർബൺ ഫാമിംഗ് പദ്ധതികളിൽ പലതും പുനരുജ്ജീവന കൃഷി (റിജെനെറേറ്റീവ് അഗ്രികൾച്ചർ), ബയോചാർ പ്രയോഗം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഓക്സിജൻ രഹിതമോ ഓക്സിജൻ പരിമിതമോ ആയ അന്തരീക്ഷത്തിൽ കാർഷിക ജൈവാവശിഷ്ടങ്ങൾ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന കാർബൺ സമ്പന്ന ജൈവ വസ്തുവാണ് ബയോചാർ അഥവാ ജൈവകരി. കാർബൺ വേർതിരിച്ച് മണ്ണിൽ ദീർഘകാലം സംഭരിക്കാൻ ബയോചാർ കാർബൺ ഫാമിംഗ് കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ഫലങ്ങളാണ് ബയോചാർ പ്രയോഗത്തിൽനിന്നു കൃഷിയിടങ്ങളിൽ ലഭിക്കുന്നത്. അതേസമയം, കന്നുകാലി വളർത്തൽ മേഖലയിൽനിന്നു മീഥെയ്ൻ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്ക് ഇന്ത്യയിലെ മുഖ്യധാരാ കമ്പനികൾ അർഹമായ പ്രാധാന്യം നൽകിയിട്ടില്ല.
സ്ഥിരതയില്ലാത്ത കാർബൺ സംഭരണം
മറ്റാരോ നടത്തിയ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ കർഷകർ ഏറ്റെടുത്തു നടത്തുന്ന അധികപ്രവർത്തനമാണ് കാർബൺ ഫാമിംഗ്. അന്തരീക്ഷത്തിൽനിന്നു വേർതിരിച്ച് മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ശാശ്വതമായി അവിടെ നിലനിൽക്കണമെന്നില്ല. കർഷകർ കാർബൺ ഫാമിംഗ് കൃഷി രീതികൾ ഉപേക്ഷിച്ചാൽ മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ വീണ്ടും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. വിപണിയിലെ ചാഞ്ചാട്ടം, കാലാവസ്ഥാ വ്യതിയാനം, ശക്തമായ ഗവൺമെന്റ് നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം എന്നിവയും കർഷകർക്ക് കാർബൺ ഫാമിംഗിൽനിന്നുള്ള നഷ്ടസാധ്യതകൾ വർധിപ്പിക്കുന്നു.