ന്യൂഡൽഹി: ഉത്സവസീസണുകളിലെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കിനെതിരേയുള്ള ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീംകോടതി.
ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടതില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ പരാമർശിച്ചു.
ഉത്സവസീസണിലും വർഷാവസാന സീസണിലും ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കിനു പരിധി നിശ്ചയിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നും നിലവിലെ നിരക്കുകൾ താത്കാലികമായി നിയന്ത്രിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നില പാട്.
സാധാരണ നിരക്കിന്റെ 700 ശതമാനത്തോളം വർധനയാണ് നിലവിൽ ടിക്കറ്റുകൾക്കുള്ളതെന്നും ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ കൊള്ളവില നൽകാൻ നിർബന്ധിതരാകുകയാണെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വിഷയം അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.