ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ പരാമർശങ്ങൾക്കും ധാക്കയിലെ വഷളാകുന്ന സുരക്ഷയിലും ആശങ്ക അറിയിക്കാൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേ ആക്രമണത്തിനു ചില തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളിൽ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം. റിയാസ് ഹമീദുള്ളയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഇന്ത്യൻ മിഷന്റെയും വീസ സൗകര്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ ധരിപ്പിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേയുള്ള ഭീകരഭീഷണി അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശ് സർക്കാർ സമഗ്രമായ അന്വേഷണം നടത്തുകയോ അർഥവത്തായ തെളിവുകൾ ഇന്ത്യയുമായി പങ്കുവയ്ക്കുകയോ ചെയ്യാത്തതു നിർഭാഗ്യകരമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് ബംഗ്ലാദേശിലെ "ഒയിക്യോ മഞ്ചോ' എന്ന തീവ്രവാദി ഗ്രൂപ്പ് ഇന്നലെ പ്രതിഷേധമാർച്ച് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തിയത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നുവെന്ന് ആരോപിച്ചാണു സംഘടന മാർച്ച് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് ഒറ്റപ്പെടുത്തുമെന്ന് ബംഗ്ലാദേശ് നാഷണൽ സിറ്റിസണ് പാർട്ടി (എൻസിപി) നേതാവ് ഹസ്നത്ത് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥിനേതാവായ ഉസ്മാൻ ഹാദിയെ ആക്രമിച്ചതിനെതിരേ ഇൻഖിലാബ് മഞ്ച് ധാക്കയിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള എൻസിപിയുടെ നേതാവ് ഹസ്നത്ത് അബ്ദുള്ള പ്രകോപനപരമായ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. ഉസ്മാൻ ഹാദിയെ ആക്രമിച്ച പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ ഇന്ത്യ തള്ളി.
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളെക്കുറിച്ചു തീവ്രവാദസംഘങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന തെറ്റായ വിവരണം പൂർണമായും തള്ളിക്കളയുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ബംഗ്ലാദേശിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ഉൾപ്പെടെ ആഭ്യന്തര ക്രമസമാധാനം ഉറപ്പാക്കാൻ ഇടക്കാല സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
സമാധാനാന്തരീക്ഷത്തിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് നടത്തണം. ബംഗ്ലാദേശിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ അനുകൂലമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനുശേഷം ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധം വികാരം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഹസീന ഇന്ത്യയിൽ തുടരുന്നതും പ്രശ്നമാണ്.
1971ലെ വിമോചനയുദ്ധത്തിന്റെ പാരന്പര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്കുപുറമെയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയിൽനിന്നു പൂർണമായി അകലുന്നത്. പാക്കിസ്ഥാനോടുള്ള അടുപ്പവും ബംഗ്ലാദേശിൽ വർധിച്ചുവരികയാണ്.
ധാക്കയിലെ വീസ അപേക്ഷാകേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വീസ അപേക്ഷാകേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ഭീകരസംഘടനകളിൽനിന്നുള്ള ഭീഷണിയും ബംഗ്ലാദേശ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും കാരണം വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾക്കിടയിലാണു തീരുമാനം. ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്റർ ഇന്ത്യൻ വീസ സേവനങ്ങൾക്കായുള്ള തലസ്ഥാനത്തെ പ്രധാന സംയോജിത കേന്ദ്രമാണ്.