രാജാക്കാട്: ടൂറിസം ഡിപ്പാർട്ടുമെന്റും ത്രിതല പഞ്ചായത്തുകളും ഇടുക്കി മൗണ്ടൻ ടൂറിസം അസോസിയേഷനും ചേർന്ന് രാജാക്കാട്, സേനാപതി, രാജകുമാരി, ശാന്തമ്പാറ, ഉടുമ്പൻചോല പഞ്ചായത്തുകളിലെ ടൂറിസം സെന്ററുകളെ സംയോജിപ്പിച്ച് ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയോര ടൂറിസം കേന്ദ്രം സഞ്ചാര സംഗമത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 8.30 ന് കള്ളിമാലി വ്യൂ പോയിന്റിൽ അഡ്വ. സേനാപതി വേണു എംഎൽഎ നിർവഹിക്കും.
ഇതിന്റെ പൈലറ്റ് പദ്ധതികളായി രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ
പോയിന്റ്, കനകക്കുന്ന് സൺറൈസ് പോയിന്റ്, സേനാപതി പഞ്ചായത്തിലെ വാക്കാസിറ്റി വാട്ടർഫാൾസ്, സ്വർഗംമേട് വ്യൂ പോയിന്റ്, രാജകുമാരി പഞ്ചായത്തിലെ മുള്ളൻതണ്ട് വ്യൂ പോയിന്റ്, ശാന്തമ്പാറ പഞ്ചായത്തിലെ പുത്തടി തടാകം, ഉടുമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ് എന്നിവ ഡിടിപിസിയുടെ സഹകരണത്തോടെ ടൂറിസം സെന്ററായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കമാകുന്നത്.
ഡിടിപിസി സെക്രട്ടറി ജിതിഷ് ജോസ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് അരുൺ അശോകൻ, ശാന്തംപാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കർ, ഐഎംടിഎ ഭാരവാഹികളായ ജയിംസ് തെങ്ങുംകുടി, കെ.എം. ജോർളി, വി.പി. ചിഞ്ചുകുമാർ, കെ.എൻ. സജീവൻ എന്നിവർ നേതൃത്വം നൽകും.