ഭുവനേശ്വർ/വിജയവാഡ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ആന്ധ്രപ്രദേശിലും തെക്കൻ ഒഡീഷ തീരങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
നാളെ രൂപംപ്രാപിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെയോടെ ആന്ധ്രപ്രദേശ് തീരം തൊടുമെന്നാണ് പ്രവചനം. ഈ സീസണിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റിന് "അർണബ്' എന്നായിരിക്കും പേരിടുക. ബംഗ്ലാദേശ് നിർദേശിച്ച ഈ വാക്കിന് "സമുദ്രം' എന്നാണ് അർഥം.
ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശുമായി അതിർത്തി പങ്കിടുന്ന ഒഡീഷയിലെ അഞ്ചു തെക്കൻ ജില്ലകളിൽ (ഗഞ്ചം, ഗജപതി, രായഗഡ, കോരാപുട്ട്, മൽക്കാൻഗിരി) ബുധനാഴ്ചയും വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റോടുകൂടി കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളെ സജ്ജമാക്കിയതായി സർക്കാർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ തീരദേശ ആന്ധ്രയിലും ഒഡീഷയിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാ
വസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതിർത്തി സംസ്ഥാനമായ ആന്ധ്രപ്രദേശിലും മുൻകരുതലുകൾ ഊർജിതമാക്കിയിട്ടുണ്ട്. നാളെമുതൽ സംസ്ഥാനത്ത് വ്യാപകമായി മഴ ആരംഭിക്കുമെന്നും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ആന്ധ്രപ്രദേശ് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.