ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് തുക മോഷണം പോയ സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഉന്നതതല അന്വേഷണ സമിതി ഇന്ന് ബദരീനാഥിൽ എത്തും. കമ്മീഷണർ ആനന്ദ് സ്വരൂപിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുക.
ക്ഷേത്രസമുച്ചയം, വഴിപാട് എണ്ണുന്ന മുറി, സിസിടിവി സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സമിതി പരിശോധിക്കും. സംഭരണശാലകൾ, രേഖകൾ, ബാങ്കിൽ തുക നിക്ഷേപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സമിതിയുടെ പരിശോധനാ പരിധിയിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി ഭാരവാഹികളെയും സമിതി ചോദ്യം ചെയ്തേക്കും.
നിലവിൽ, മോഷണവുമായി ബന്ധപ്പെട്ട് പ്രമോദ് നൗട്ടിയാൽ എന്ന വ്യക്തിയെ എസ്ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ക്ഷേത്രത്തിലെ വഴിപാട് തുക കൈകാര്യം ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ വലിയൊരു സംഘത്തിന്റെ ഇടപെടലോ നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.