കൊച്ചി:മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബിരുദദാന ചടങ്ങ് രാഷ്ട്രീയ ദുഷ്ടലാക്കോടെ അലങ്കോലമാക്കാൻ എസ്എഫ്ഐ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം.
അധികാരത്തിന്റെ അഹങ്കാരം വേദിയിൽ കാണിച്ചിട്ടില്ലെന്നും സമരത്തിന്റെ പേരിൽ തോന്നിയതുപോലെ പ്രവർത്തിക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത്തരം വിരട്ടലുകൾക്ക് മുന്നിൽ വിറയ്ക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷമാണ് വേദി വിട്ടതെന്നും റോജി എം. ജോൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് മാന്യതയും വ്യക്തമായ രാഷ്ട്രീയ നിലപാടും വേണമെന്ന നിലപാടും മന്ത്രി കുറിപ്പിലൂടെ ആവർത്തിച്ചു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ജനപ്രതിനിധിയെന്ന നിലയിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സദസിൽനിന്ന് ഒരാൾ സഖാവേ ഒരു ചോദ്യം എന്ന് പറഞ്ഞപ്പോൾ, അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം താൻ വേദിയിൽ കാണിച്ചില്ല.
പ്രതിഷേധിക്കാനും ബാനർ ഉയർത്തി അവിടെ തുടരാനുമുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. പിണറായി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായി കാലമല്ല കേരളത്തിലുള്ളതെന്നും മന്ത്രി വിമർശിച്ചു.