ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന് കപ്പലിനെയും അതിലെ 20 ജീവനക്കാരെയും രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന.
മുംബൈയില്‍ നിന്ന് 3,000 കിലോമീറ്ററിലധികം അകലെ അറബിക്കടലിൽ ഇന്ത്യന്‍ വ്യോമസേനയുടെ പിന്തുണയോടെ 48 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് അസിനി എന്ന മത്സ്യബന്ധന കപ്പലിനെയും ക്രൂ അംഗങ്ങളെയും നാവിക സേന മോചിപ്പിച്ചത്.
ഒക്ടോബര്‍ 29-ന് സൊമാലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് ആയുധങ്ങളുമായി എത്തിയ കടല്‍ക്കൊള്ളക്കാരുടെ സംഘം കപ്പല്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കപ്പലിനെ മേഖലയിലെ വ്യാപാര കപ്പലുകള്‍ കൊള്ള നടത്തുന്നതിനായിട്ടുള്ള മദര്‍ഷിപ്പ് ആയി ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ച് മാരിടൈം സെക്യൂരിറ്റി സെന്റർ-ഇന്ത്യന്‍ ഓഷ്യന്‍ മുന്നറിയിപ്പ് നല്‍കിയത്തോടെയാണ് ഇന്ത്യന്‍ സേന നടപടികളുമായി മുന്നോട്ടു പോയത്.
തുടര്‍ന്ന് കപ്പല്‍ മോചന ദൗത്യത്തിനായി വ്യോമസേനയുടെ സമുദ്ര നിരീക്ഷണ വിമാനം സി-17ന്റെ പിന്തുണയോടെ മറൈന്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ള ഒരു യുദ്ധക്കപ്പലിനെ നിയോഗിച്ചു. പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ച ഇവര്‍ കപ്പലിന്റെ സ്ഥാനം കണ്ടെത്തുകയും അതിന്റെ സഞ്ചാരം നിരീക്ഷിക്കുകയും ചെയ്തു. നവംബര്‍ രണ്ടിലെ ദ്രുതവും തന്ത്രപരമായുള്ള നീക്കത്തിലൂടെ സായുധ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പലിനെയും ജീവനക്കാരെയും അപകടങ്ങള്‍ ഇല്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
നന്ദിയറിയിച്ച് ഇറാന്
ഈ മാനുഷിക പ്രവര്‍ത്തനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും തെളിവാണെന്നും രാജ്യത്തിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാരിനും സേനക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യയിലെ ഇറാന് എംബസി പറഞ്ഞു.