കരുവാരകുണ്ട്: ഇഎസ്എ പ്രഖ്യാപനത്തിന്റെ പേരില്‍ മലയോര ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി മലയോര സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായുള്ള സമരപരിപാടികളും മലയോര ഹര്‍ത്താലും വിജയിപ്പിക്കാന്‍ കരുവാരകുണ്ടില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനത്തില്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതിനെ ആശങ്കയോടെയാണ് മലയോര ജനത കാണുന്നത്.
ഇഎസ്എ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനും അതിര്‍ത്തി നിര്‍ണയത്തില്‍ വ്യക്തത വരുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 2026 ജൂലൈ 27ന് പ്രസിദ്ധീകരിച്ച കേന്ദ്ര കരട് വിജ്ഞാപനത്തില്‍ പരാമര്ശിച്ചിരുന്നതിനേക്കാള് കൂടുതല്‍ ഭൂപ്രദേശം കരുവാരകുണ്ട് പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായി ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഭാവിയില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ജനവാസ മേഖലകളെയും കര്‍ഷകരുടെ ഭൂമിയെയും സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
യോഗത്തില്‍ എ.കെ. സജാദ് ഹുസൈന് അധ്യക്ഷത വഹിച്ചു. കെ.കെ. ജയിംസ്, ഇ. ലിനീഷ്, കെ. ജോയി ചെറിയാന് വയലില്‍, പി. മുഹമ്മദലി, വി.എസ്. പൊന്നമ്മ, എം. ലത്തീഫ് മഠത്തില്‍, കെ.യു. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ. ജോയി ചെറിയാന് വയലില്‍ (ചെയര്മാന്), കെ.കെ. ജയിംസ് മാസ്റ്റര്‍ (കണ്‍വീനര്‍) തുടങ്ങിയവരാണ് ഭാരവാഹികള്‍.