ഇന്ത്യയിൽ അഡ്വഞ്ചർ ബൈക്ക് സംസ്കാരത്തിന് പുതിയ മുഖം നൽകിയ റോയൽ എൻഫീൽഡ് "ഹിമാലയൻ' പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. പഴയ "ഹിമാലയൻ 411'ന്റെ രൂപവും സ്വഭാവവും നിലനിർത്തിക്കൊണ്ട് കൂടുതൽ കരുത്തുള്ള എൻജിനും പുതുക്കിയ ബ്രേക്കുകളും പുതിയ ഫീച്ചറുകളുമായി റോയൽ എൻഫീൽഡ് "ഹിമാലയൻ 440' വിപണിയിലെത്തുന്നത്.
"ഹിമാലയൻ 450'ന് താഴെ കൂടുതൽ ലളിതമായ അഡ്വഞ്ചർ മോട്ടോർ സൈക്കിൾ എന്ന നിലയിലാണ് ഹിമാലയൻ 440നെ റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്നത്. 2.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഒറ്റ വേരിയന്റിൽ മൂന്ന് നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.
പഴയ രൂപം
കാഴ്ചയിൽ പഴയ ഹിമാലയൻ 411നെ ഓർമിപ്പിക്കുന്ന ഡിസൈനാണ് 440നും. എന്നാൽ പുറംരൂപം വലിയ രീതിയിൽ മാറ്റാതെ മെക്കാനിക്കൽ ഭാഗങ്ങളിലാണ് റോയൽ എൻഫീൽഡ് പ്രധാന ശ്രദ്ധ നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം 411ലെ 411 സിസി എൻജിന് പകരം പുതിയ 443 സിസി എൻജിൻ എത്തിയതാണ്. പഴയ ഹിമാലയന്റെ ലളിതമായ ഭാവം നിലനിർത്തുന്പോഴും ആവശ്യമായ ആധുനിക സൗകര്യങ്ങൾ 440ൽ നൽകിയിട്ടുണ്ട്.
രാത്രിയാത്രയിൽ കൂടുതൽ പ്രകാശം നൽകുന്നതിന് പുതിയ എൽഇഡി ഹെഡ്ലൈറ്റ്, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ടൈപ്പ് സി ചാർജിംഗ് തുടങ്ങിയവയും പുതിയ മോഡലിലുണ്ട്.
ദീർഘദൂര യാത്രകൾക്ക് ഹാർഡ് പാനിയറുകൾ, ടോപ്പ് ബോക്സ്, ടൂറിംഗ് സീറ്റ്, ഹാൻഡ് ഗാർഡുകൾ, എൻജിൻ ഗാർഡുകൾ തുടങ്ങിയ ആക്സസറികളും ലഭ്യമാണ്. 21 ഇഞ്ച് മുൻചക്രം, 17 ഇഞ്ച് പിൻചക്രം, 220 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിന്റെ അഡ്വഞ്ചർ സ്വഭാവം നിലനിർത്തുന്നു. സീറ്റ് ഉയരം 800 എംഎം ആണ്.
ഉൾക്കരുത്ത്
ഹിമാലയൻ 440ന്റെ ഹൃദയം 443 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്ടഡ് ലോംഗ് സ്ട്രോക്ക് എൻജിനാണ്. 6250 ആർപിഎമ്മിൽ പരമാവധി 25.4 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 34 എൻഎം ടോർക്കും ലഭിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ.
ബ്രേക്കിംഗ് സംവിധാനത്തിലും മാറ്റമുണ്ട്. മുന്നിൽ 300 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കുമാണ്. ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭിക്കും. ഓഫ് റോഡ് ഉപയോഗത്തിനായി പിൻ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.