വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മലകാപുരം റിഫൈനറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി 10 -നാണ് റിഫൈനറിയിലെ സൾഫർ യൂണിറ്റിലെ പിച്ച് ടാങ്കിന് സമീപം തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തം ഉണ്ടായ ഉടൻതന്നെ കമ്പനിയുടെ ഫയർ ആൻഡ് സേഫ്റ്റി ടീം സജീവമാവുകയും അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. തീ പിച്ച് ടാങ്ക് ഏരിയയിൽ മാത്രം ഒതുങ്ങിനിന്നതായും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. റിഫൈനറിയിലെ മറ്റ് യൂണിറ്റുകളെല്ലാം സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
റിഫൈനറിയിലെ സൾഫർ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്ന 'സൾഫർ പിച്ച്' എന്ന വസ്തുവാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. തീപിടിത്തത്തിന് തൊട്ടുമുമ്പ് ചെറിയൊരു സ്ഫോടനം ഉണ്ടായിരുന്നു. റിഫൈനറിയിലെ സുരക്ഷാ സംവിധാനങ്ങളും ആന്ധ്രാപ്രദേശ് ഫയർ വിഭാഗത്തിന്റെ സഹായവും ഉപയോഗിച്ചാണ് തീ പൂർണമായും അണച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.