ബംഗളൂരു: കർണാടകയിൽ ഭരണം നിലനിർത്താൻ നീക്കങ്ങളുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പരമ്പരാഗത കോട്ടയായ തീരദേശ കർണാടക പിടിച്ചെടുക്കാനാണ് ഡികെയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഈമാസം 18ന് പ്രത്യേക മന്ത്രിസഭായോഗം മംഗളൂരുവിൽ നടത്താൻ സർക്കാർ തീരുമാനിച്ചു. കർണാടകയുടെ ചരിത്രത്തിൽ ആദ്യമായാണു മന്ത്രിസഭായോഗം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനമായ മംഗളൂരുവിൽ നടക്കുന്നത്.
ആദർശപരമായ ധ്രുവീകരണത്തെ നേരിടാൻ വികസന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയാണ് കോൺഗ്രസ്. ‘ബ്രാൻഡ് കരാവലി’ എന്ന പേരിൽ 1,260 കോടി രൂപയുടെ തീരദേശ ടൂറിസം പദ്ധതിയും വികസന പാക്കേജുകളും മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിജെപിയുടെയും ആർഎസ്എസിന്റെയും കരുത്തുറ്റ ആധിപത്യമുള്ള പ്രദേശമാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും അടങ്ങുന്ന തീരദേശ മേഖല.
ദക്ഷിണേന്ത്യയിലെ ആർഎസ്എസിന്റെ ‘ഹിന്ദുത്വ ലബോറട്ടറി’ എന്നാണ് ദക്ഷിണ കന്നഡയും ഉഡുപ്പിയും അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി ആർഎസ്എസും അനുബന്ധ സംഘടനകളും ഇവിടെ താഴെത്തട്ടിൽ ശക്തമായ പ്രവർത്തനങ്ങളാണു നടത്തിവരുന്നത്. 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്കിടയാക്കി.
അടിയന്തരാവസ്ഥയ്ക്കെതിരേ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് വിരുദ്ധ വികാരം മുതലെടുക്കാൻ ആർഎസ്എസിനു സാധിച്ചതാണ് തീരദേശ കർണാടകയിൽ അവരുടെ അടിത്തറ ശക്തമാക്കിയത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേഖലയിലെ 13 സീറ്റുകളിൽ 11 എണ്ണത്തിലും വിജയിച്ചത് ബിജെപിയായിരുന്നു. വികസനമെത്തിച്ച് ഈ പ്രദേശങ്ങളിലെ ഈ ബിജെപി കോട്ട തകർക്കുകയാണ് ഡി.കെ. ശിവകുമാറിന്റെ ലക്ഷ്യം.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്ഥാനചലനത്തിനുശേഷം പിന്നാക്ക, ന്യൂനപക്ഷ, ദളിത് വോട്ടുബാങ്കിൽ ഉണ്ടായേക്കാവുന്ന വിടവ് നികത്താൻ ലിംഗായത്തുകളുടെയും ഹിന്ദുത്വ വോട്ടർമാരുടെയും പിന്തുണ ഉറപ്പാക്കാൻ മൃദു ഹിന്ദുത്വ പ്രതിച്ഛായയും ഡി.കെ. ഉപയോഗപ്പെടുത്തുന്നു.
ബിജെപിയുടെ സുരക്ഷിതമണ്ഡലങ്ങളിൽ വികസനവാഗ്ദാനം നൽകി ഭിന്നതയുണ്ടാക്കാനും 2028ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ് ഡി.കെ. ശിവകുമാർ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.