ഡാര്വിന്: ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ചരിത്രജയത്തിന്റെ വക്കില്‍. ഓസ്ട്രേലിയന്‍ മണ്ണിലെ ആദ്യ ജയമെന്ന ചരിത്രത്തിലേക്ക് ബംഗ്ലാദേശിനുള്ളത് രണ്ടുദിനങ്ങളുടെ അകലം.
ചരിത്രത്തില്‍ ആദ്യമായി സ്വന്തം മണ്ണില്‍വച്ച് ബംഗ്ലാദേശിനോട് 228 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടിവന്ന ഓസ്ട്രേലിയ, ഡാര്വിന് ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന നിലയിലാണ്. 67 റണ്‍സിന് ഇപ്പോഴും പിന്നില്‍. സ്കോര്‍: ഓസ്ട്രേലിയ 198, 161/4. ബംഗ്ലാദേശ് 426.
ഹെയ്സല്‍വുഡ് സിക്സ്
ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചു. മെഹ്ദി ഹസന് മിറാസും (32) ഹസന് മെഹ്മൂദുമായിരുന്നു (13) ക്രീസില്‍. ഹസന് മെഹ്മൂദ് ഒരു റണ്ണുകൂടി ചേര്‍ത്തു മടങ്ങി.മെഹ്ദി ഹസന് 154 പന്തില്‍ 65 റണ്‍സ് നേടിയശേഷമാണ് മടങ്ങിയത്.
89 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹെയ്സല്‍വുഡാണ് ഓസീസ് ബൗളിംഗ് ആക്രമണത്തിലെ മുമ്പന്‍.
റെഡ്ബോള്‍ ക്രിക്കറ്റില്‍ 300 വിക്കറ്റ് സ്വന്തമാക്കുന്ന ഒമ്പതാമത് ഓസീസ് ബൗളറാണ് ഹെയ്സല്‍വുഡ്.
ഗ്രീന്‍ പ്രതിരോധം
228 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിലും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ജേക്ക് വെതറാള്‍ഡും (0) ട്രാവിസ് ഹെഡും (17) 10.2 ഓവറില്‍ 37 റണ്‍സിനിടെ മടങ്ങി. ഹസന് മെഹ്മൂദിനായിരുന്നു രണ്ടു വിക്കറ്റും.
മാര്‍നസ് ലബൂഷെയ്നും (31) അധികം പൊരുതാന്‍ സാധിച്ചില്ല. പിന്നീട് സ്റ്റീവ് സ്മിത്തും (44) കാമറൂണ്‍ ഗ്രീനും (43 നോട്ടൗട്ട്) ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പ് ഓസീസിനെ 122ല്‍ എത്തിച്ചു. ഗ്രീനിനൊപ്പം അലക്സ് കാരെയും (19 നോട്ടൗട്ട്) ക്രീസിലുണ്ട്.
സ്മിത്തിനൊപ്പം 49 റണ്‍സിന്റെയും കാരെയ്ക്കൊപ്പം അഭേദ്യമായ 39 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ കാമറൂണ്‍ ഗ്രീനിന്റെ ബാറ്റിംഗിലാണ് ഓസീസ് പ്രതീക്ഷ.