തലശേരി: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 84-ാമത് വാർഷിക സമ്മേളനം 28 മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ഗവ. കോളജ് ഇന്ത്യൻ ചരിത്ര കോൺഗ്രസിന് വേദിയാകുന്നത്. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രസിഡന്റ് രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. വിശിവദാസൻ എംപി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ കെ സുധാകരൻ എംപി വിശിഷ്ടാതിഥിയാകും.
സുവനീർ പ്രകാശനം ഡോ. വി. ശിവദാസൻ എംപി നിർവഹിക്കും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രഫ. സയിദ് അലി നദീം റിസാവി പ്രഭാഷണം നടത്തും. ദക്ഷിണേഷ്യയിലെ ചരിത്രകാരന്മാരുടെയും ചരിത്രഗവേഷകരുടെയും ഏറ്റവും വലിയ പ്രഫഷണൽ അക്കാദമിക സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പ്രതിനിധികൾ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പുരാതന ഇന്ത്യ, ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങൾ, പുരാവസ്തു പഠനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി ഒരേ സമയം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കൂടാതെ അനുസ്മരണ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടക്കും. കേരള ചരിത്രത്തെ സംബന്ധിച്ചുള്ള പ്രത്യേക സെഷനും ഉണ്ടായിരിക്കും. കേരള ചരിത്രത്തെ സംബന്ധിച്ച പ്രത്യേക സെഷനും ഉണ്ടാകും. മികച്ച 16 പ്രബന്ധങ്ങൾക്ക് പുരസ്കാരം നൽകും.
എസ്.സി. മിശ്ര സ്മാരക പ്രഭാഷണം 28ന് വൈകുന്നേരം ആറുമുതൽ ഡൽഹി സർവകലാശാലയിലെ പ്രഫ. ഹർഫത്ത് ഹസൻ നിർവഹിക്കും. 29ന് വൈകുന്നേരം ആറിന് സിമ്പോസിയത്തിൽ പ്രഫ. രൺബീർ ചക്രവർത്തി, പ്രഫ. എസ്. ഇസെഡ് എച്ച്. ജാഫ്രി, പ്രഫ. അമർ ഫാറൂഖി എന്നിവർ പങ്കെടുക്കും. ചരിത്രകോൺഗ്രസിനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തക പ്രകാശനവും ചരിത്ര, പൈതൃക പ്രദർശനവും സംഘടിപ്പിക്കും. എക്സിബിഷൻ 27ന് സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി ഉദ്ഘാടനം ചെയ്യും.
പുസ്തകോത്സവത്തിൽ പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ രചിച്ച 'ദി പ്രസന്റ് കോളണൈസസ് ദി പാസ്റ്റ്: ദി ഫ്യൂച്ചർ ഫോർസേക്കൺ' എന്ന പുസ്തകം പ്രകാശനം ചെയ്യും. 27 ന് വൈകുന്നേരം പ്രഫ. രാജൻ ഗുരുക്കൾ പ്രമുഖ എഴുത്തുകാരൻ ടോണി ജോസഫിന് നൽകി പ്രകാശനം നിർവഹിക്കും. 28, 29 ദിവസങ്ങളിൽ രാത്രി 7.30 മുതൽ കലാപരിപാടികളും അരങ്ങേറും. 28 ന് നർത്തകിയും സിനിമ താരവുമായ മീര നായരും സംഘവും 'തെയ്യാട്ടം, ദി ഡിവൈൻ റീബെർത് ഓഫ് ഓപ്രെസ്ഡ് ലവ്' എന്ന പ്രമേയത്തെ ആസ്പദമാക്കി നൃത്ത പരിപാടി അവതരിപ്പിക്കും. 29 ന് കഥകളി, അലാമിക്കളി, പൂരക്കളി, പണിയ നൃത്തം, ചവിട്ടുനാടകം, ഒപ്പന, മാർഗംകളി, കളരി തുടങ്ങിയവ കോർത്തിണക്കിയുള്ള സംഗീത നൃത്ത ഫ്യൂഷൻ അരങ്ങേറും. 30ന് വൈകുന്നേരം നാലിന് നടക്കുന്ന സമാനപ സമ്മേളനം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
ഡോ. പി മോഹൻദാസ് അധ്യക്ഷത വഹിക്കും. ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രഫ. സയ്യിദ് അലി നദീം റെസാവി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ.കെ സാജു, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ എന്നിവർ പങ്കെടുക്കും. ഗവ. ബ്രണ്ണൻ കോളജിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ. വി ശിവദാസനെ കൂടാതെ പ്രഫ. സയിദ് അലി നദീം റെസാവി, പ്രഫ. വിനോദൻ നാവത്ത്, പ്രിൻസിപ്പൽ പ്രഫ. ജെ. വാസന്തി, പ്രഫ. കെ.പി പ്രശോഭിത്ത്, ഡോ. എ. വത്സലൻ, ഡോ. എം.ടി നാരായണൻ, ജി.എസ്. അഭിനന്ദ് എന്നിവരു പങ്കെടുത്തു.