ബർലിൻ/മ്യൂണിക്ക്: ജർമനിയിലെ ബവേറിയൻ ആൽപ്സിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കെൽസ്റ്റെയിൻഹൗസ് കത്തി നശിച്ചു. ഹിറ്റ്ലറുടെ മുൻകാല 'ടീ ഹൗസ്' എന്നും 'ഈഗിൾസ് നെസ്റ്റ്' എന്നും അറിയപ്പെടുന്ന ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.
മണിക്കൂറുകളായി തുടരുന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും, ചരിത്രപ്രസിദ്ധമായ ഈ കെട്ടിടം പൂർണമായി കത്തിനശിച്ചതായാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തൽ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കെൽസ്റ്റീൻഹൗസിൽ തീപിടിത്തമുണ്ടായ വിവരം അധികാരികൾക്ക് ലഭിക്കുന്നത്. 1834 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലെ കെട്ടിടത്തിലേക്ക് ഫയർഫോഴ്സും പൊലിസും എത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
ശനിയാഴ്ച രാവിലെയോടെയും കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നുണ്ടെന്നും, കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നിരിക്കുകയാണെന്നും പൊലിസ് വക്താവ് വ്യക്തമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നിൽ അട്ടിമറിയാകാം എന്ന ശക്തമായ സംശയത്തിലാണ് പൊലീസുള്ളത്. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഒരു മോട്ടോർസൈക്കിൾ യാത്രികനെ പൊലിസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ മൊട്ടീവോ പൊലിസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കെൽസ്റ്റെയിൻഹൗസിന്റെ ചരിത്രപരമായ പശ്ചാത്തലം1937-38 കാലഘട്ടത്തിൽ നാസി ഭരണകാലത്ത് അഡോൾഫ് ഹിറ്റ്ലറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് 1834 മീറ്റർ ഉയരത്തിൽ ഈ കെട്ടിടം നിർമിച്ചത്. എന്നാൽ ഹിറ്റ്ലർ ഇത് വളരെ അപൂർവമായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച ഈ ചരിത്ര സ്മാരകം, 1952 മുതൽ ഒരു റസ്റ്റോറന്റായും നാസി ചരിത്രത്തെക്കുറിച്ചുള്ള പ്രദർശന ശാലയായും പ്രവർത്തിച്ചുവരികയായിരുന്നു. ബവേറിയൻ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പ്രശസ്ത ടൂറിസം കേന്ദ്രം.
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തുന്ന ഒരു പ്രധാന ചരിത്ര സ്മാരകത്തിന് തീപിടിച്ചത് ജർമനിയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.