ഇന്നു ദേശീയ കായികദിനം. ഇതിഹാസ ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികമാണ് രാജ്യം കായികദിനമായി ആചരിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കാനായി സ്വപ്നം കാണുന്ന 2036 ഒളിമ്പിക്സിലേക്ക് 10 വര്‍ഷത്തിന്റെ അകലം മാത്രമെന്നതാണ് ഇത്തവണത്തെ ദേശീയ കായികദിനത്തിലെ പ്രത്യേകത. 2036 ഒളിമ്പിക്സിലേക്കുള്ള ഒരുക്കങ്ങളുടെ ആദ്യപടിയായി 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ത്യ വേദിയൊരുക്കുകയാണ്.
ലോക കായിക ഭൂപടത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസ്. 2010ല്‍ ഡല്‍ഹിയില്‍വച്ചും ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിരുന്നു. എന്നാല്‍, 2036 ഒളിമ്പിക്സ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാമതൊരു കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതെന്നതാണ് പ്രത്യേകത.
2036 ഒളിമ്പിക്സ് വേദിക്കായി ശ്രമിക്കാനുള്ള ആദ്യചുവട് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച യോഗം വ്യാഴാഴ്ച നടന്നു.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിനും മുമ്പ് 2029 പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസിനും അഹമ്മദാബാദ് വേദിയാകും. 2036 ഒളിമ്പിക്സ് ബിഡ്, 2029 പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ്, 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലൂടെ ഇന്ത്യ ആഗോള കായിക വിനോദ കേന്ദ്രമാക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചതായാണ് അമത് ഷാ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഏഷ്യന്‍ ഗെയിംസിലേക്ക് 21 ദിനം
2026 ഏഷ്യന്‍ ഗെയിംസിലേക്ക് ഇനിയുള്ളത് 21 ദിനങ്ങളുടെ അകലം മാത്രം. ജപ്പാനാണ് 20-ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 492 അംഗ സംഘം ഗെയിംസില്‍ പങ്കെടുക്കും. 265 പുരുഷന്മാരും 227 സ്ത്രീകളും ഉള്‍പ്പെടെയാണിത്. പുരുഷ-വനിതാ ക്രിക്കറ്റ് ഉള്‍പ്പെടെ ഇന്ത്യ 35 ഇനങ്ങളില്‍ മത്സരിക്കും. 2022 ഏഷ്യന്‍ ഗെയിംസില്‍ 28 സ്വര്‍ണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡല്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അത്ലറ്റിക്സില് 10 മലയാളികള്‍
2026 ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. 35 പുരുഷന്മാരും 38 സ്ത്രീകളും ഉള്‍പ്പെടെ അത്ലറ്റിക്സ് സംഘത്തില്‍ 73 അംഗങ്ങളുണ്ട്. ഇതില്‍ 10 മലയാളികളും ഉള്‍പ്പെടും.
എം. ശ്രീശങ്കര്‍ (ലോംഗ്ജംപ്), തൗഫീഖ് (ഡെക്കാത്തലണ്‍), മുഹമ്മദ് അഫ്സല് (800 മീറ്റര്‍) ടി.എസ്. മനു (4x400 മീറ്റര്‍ മിക്സഡ് റിലേ, റിലേ), യു. കാര്‍ത്തിക് (ട്രിപ്പിള്‍ജംപ്), അന്സബാബു (4x400 മീറ്റര്‍ മിക്സഡ് റിലേ, റിലേ), കെ. അനാമിക (ഹെപ്റ്റാത്തലണ്‍), ആര്. അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), ആന്‍സി സോജന് (ലോംഗ്ജംപ്), മുഹമ്മദ് അഷ്ഫാഖ് (4x400 റിലേ) എന്നിവരാണ് അത്ലറ്റിക്സ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.