വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ കത്തോലിക്കാസഭയുടെ ആരാധനക്രമങ്ങളും നിർദേശങ്ങളും വൈദികർ കൃത്യമായി പാലിക്കണമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
വിശുദ്ധ കുർബാന കൃത്യമായ ആദരവോടെയും അന്തസോടെയും അർപ്പിക്കുന്നതിനായി അതിന്റെ ടെക്സ്റ്റും നിർദേശങ്ങളും വൈദികർ കൃത്യമായി പാലിക്കണമെന്നും അതിനായി അവർക്കു ശരിയായ പരിശീലനം ലഭിക്കേണ്ടതുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി.
അമേരിക്കയിലെ ഓറിഗണിലെ മൗണ്ട് ആഞ്ചൽ ആബിയിൽ ലിറ്റർജി പരിശീലനത്തെക്കുറിച്ച് നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി വത്തിക്കാനിലെ ആരാധനക്രമ കാര്യാലയം അധ്യക്ഷൻ കർദിനാൾ ആർതർ റോച്ചിന് അയച്ച കത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നിവർ നിഷ്കർഷിച്ചിട്ടുള്ള വിശുദ്ധ കുർബാനക്രമങ്ങളെ വൈദികർ പൂർണമായി ബഹുമാനിക്കണം. ദൈവത്തോടുള്ള വിനയത്തിലും സഭാ കൂട്ടായ്മയോടുള്ള വിശ്വസ്തതയിലുമാണ് ഈ ആദരവ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്-മാർപാപ്പ പറഞ്ഞു.
വെർച്വൽ/ഓൺലൈൻ കൂടിച്ചേരലുകൾക്ക് നേരിട്ടുള്ള ഞായറാഴ്ച കുർബാനയ്ക്കു പകരമാകാൻ കഴിയില്ലെന്ന് കഴിഞ്ഞ 12ലെ പൊതുകൂടിക്കാഴ്ചയിൽ മാർപാപ്പ ഓർമിപ്പിച്ചിരുന്നു.
14ന് ആരംഭിച്ച് 19വരെ നടക്കുന്ന ആഗോള സമ്മേളനത്തിൽ കർദിനാൾമാർ, മെത്രാന്മാർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.