പള്ളിവളവ്: ജില്ല സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ മാള ഹോളിഗ്രേസ് കോളജ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ മാള ഹോളിഗ്രേസ് കോളജ് പരാജയപ്പെടുത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് റണ്ണറപ്പും, മതിലകം ന്യൂവോളി ക്ലബ് സെക്കൻഡ് റണ്ണറപ്പുമായി. രാത്രിനടന്ന സമാപനച്ചടങ്ങിൽ കാതിക്കോട് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.എസ്. മുഹമ്മദലി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ സൗത്തേഷ്യൻ മീറ്റിൽ ഇന്ത്യക്കുവേണ്ടി ഒരു സ്വർണവും, രണ്ട് വെള്ളിയും കരസ്ഥമാക്കിയ മുഹമ്മദ് അഷ്ഫാക്കിനെയും, സംസ്ഥാന കായികമേളയിലെ സ്വർണമെഡൽ ജേതാവ് മുഹമ്മദ് നാഫി ഹിനെയും, ദേശീയ വോളീബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരംലഭിച്ച ശ്രീഹരിയെയും സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അബ്രാം മുഹമ്മദ് ജെവിവിനേയും ഇഷാം മുഹമ്മദ് സലാഹിനെയും പരിശീലകരായ ഒ. എസ് .ഷമീറിനെയും ജിബി പോളിനെയും ആദരിച്ചു.