കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രോഗിയുടെ സഹായിയായി എത്തിയ ഹോംനഴ്സ് ഹാഷിഷ് ഓയിലുമായി പിടിയില്‍.
വയനാട് മേപ്പാടി സ്വദേശിനിയും നിലവില്‍ കാസര്‍ഗോഡ് താമസക്കാരിയുമായ അശ്വതി (32)യെയാണ് 56.59 ഗ്രാം ഹാഷിഷ് ഓയിലുമായി മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.
മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ വാര്‍ഡില്‍ രോഗിയുടെ സഹായത്തിനായി എത്തിയതായിരുന്നു യുവതി. ഇവരുടെ കൈയിലുള്ള രണ്ടു വെളിച്ചെണ്ണക്കുപ്പികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. അശ്വതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് എസ്ഐ തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു.
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനു കൈമാറുന്നതിനുവേണ്ടിയാണു ഹാഷിഷ് ഓയില്‍ കൈവശം വച്ചതെന്നാണ് ഇവര്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ പോലീസിനോടു പറഞ്ഞത്.