പ്രീമിയം എസ്യുവി വിപണിയിൽ ഹോണ്ടയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഇസെഡ്ആർ-വി ഇ:എച്ച്ഇവി ഇന്ത്യയിൽ ഒൗദ്യോഗികമായി അവതരിപ്പിച്ചു. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഈ ഹൈബ്രിഡ് എസ്യുവിക്ക് 47.99 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ് പ്രാരംഭ വില.
സ്കോഡ കൊഡിയാക്, ഫോക്സ്വാഗണ് ടൈറോണ്‍, ബിഎംഡബ്ല്യു എക്സ്1 എന്നീ പ്രീമിയം എസ്യുവികളുമായാണ് ഹോണ്ട ഇസഡ്ആർ-വി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.
സ്പോർട്ടി ശൈലി
ഹോണ്ടയുടെ ആഗോള ഡിസൈൻ ഭാഷ്യം പിന്തുടരുന്ന ഇസഡ്ആർ-വിക്ക് പ്രീമിയം ലുക്കും സ്പോർട്ടി ഭാവവും കന്പനി നൽകിയിട്ടുണ്ട്. വെർട്ടിക്കൽ സ്ലാറ്റുകളുള്ള മുൻ ഗ്രില്ലും അതിനോട് ചേർന്നുനിൽക്കുന്ന ഷാർപ്പ് എൽഇഡി ഹെഡ്ലാന്പുകളും എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് മുൻവശത്തെ പ്രധാന ആകർഷണം.
18 ഇഞ്ച് അലോയ് വീലുകൾ, കൂപ്പെ ശൈലിയിലുള്ള ഫ്ലോയിംഗ് റൂഫ് ലൈൻ, എയറോഡൈനാമിക് റിയർ സ്പോയ്ലർ എന്നിവ വശക്കാഴ്ചയിൽ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
സാങ്കേതികവിദ്യ
ഓൾ ബ്ലാക്ക് തീമിലുള്ള കാബിനാണ് ഇസഡ്ആർ-വിയുടേത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന ഒൻപത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12 സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
പനോരമിക് സണ്‍റൂഫ്, വയർലെസ് ഫോണ്‍ ചാർജർ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ സീറ്റ്, കിക്ക് സെൻസറോടുകൂടിയ ഹാൻഡ്സ്-ഫ്രീ പവർഡ് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷയിൽ
ഹോണ്ട സെൻസിംഗ് ലെവൽ-2 അഡാസ് സുരക്ഷാ സംവിധാനത്തോടെയാണ് ഇസഡ്ആർ-വി എത്തുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ എന്നിവയ്ക്കൊപ്പം എട്ട് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഹിൽ ഡിസെന്റ് കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ധനക്ഷമത
2.0 ലിറ്റർ അറ്റ്കിൻസണ് സൈക്കിൾ പെട്രോൾ എൻജിനും ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ചേർന്ന ഇ-എച്ച്ഇവി സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിന് കരുത്തേകുന്നത്. 184 ബിഎച്ച്പി കരുത്തും 315 എൻഎം ടോർക്കും ഈ പവർ ട്രെയിൻ ഉത്പാദിപ്പിക്കുന്നു. ഇത് ഇ-സിവിടി ഗിയർ ബോക്സിലൂടെ പവർ മുൻചക്രങ്ങളിലേക്ക് എത്തുന്നു. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് 7.9 സെക്കൻഡ് മതി. 22.8 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
മൂന്ന് വർഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും ഹൈബ്രിഡ് ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയും ഹോണ്ട നൽകുന്നു.
വില: 47.99 ലക്ഷം
മൈലേജ്: 22.8 കിലോമീറ്റർ