ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ.
സംഭവത്തിൽ രാജ്യാന്തര തലത്തിൽ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യയിലെ ഇറാന്‍റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗികമായി അതൃപ്തി അറിയിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള തെക്കൻ കപ്പൽ പാതയിലൂടെ കടന്നുപോകുകയായിരുന്ന യുഎഇയുടെ 'മൊംബാസ', 'അൽ ബഹിയ' എന്നീ കപ്പലുകൾക്ക് നേരെയാണ് ഇറാന്‍റെ ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും, ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരുമടക്കം എട്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് അടിയന്തരമായി വിശദീകരണം നൽകണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ നയതന്ത്ര ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.