കായംകുളം: നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു കനിവ്-108 ആംബുലൻസുകൾ നാടിനു സമർപ്പിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച നിയോനാറ്റൽ ഐസിയു ആംബുലൻസും ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലഭിച്ച ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുമാണ് ഇന്നലെ കായംകുളം താലൂക്ക് ആശുപത്രിയിൽ സഹകരണ, എക്സൈസ് മന്ത്രി എം. ലിജു ഫ്ലാഗ് ഓഫ് ചെയ്തത്.
ആശുപത്രികൾ സ്വന്തം വീടുപോലെ സൂക്ഷിക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും ഫ്ലാഗ് ഓഫ് കർമം നിർവഹിക്കവേ മന്ത്രി പറഞ്ഞു. മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് നാഷണൽ ഹെൽത്ത് മിഷൻ രണ്ട് ആംബുലൻസുകൾ നിയോജക മണ്ഡലത്തിന് അനുവദിച്ചത്.
അത്യാസന്ന നിലയിലുള്ള രോഗികൾക്കും നവജാത ശിശുക്കൾക്കും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധ ചികിത്സാകേന്ദ്രങ്ങളിലേക്കു സുരക്ഷിതമായി എത്തിക്കുന്നതിനുമുള്ള ആധുനിക മെഡിക്കൽ സൗകര്യങ്ങളാണ് നിയോനാറ്റൽ ഐസിയു ആംബുലൻസിലുള്ളത്. പൊതുജനങ്ങൾക്ക് സമയബന്ധിതമായി അടിയന്തര ചികിത്സയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനും ആംബുലൻസ് സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് അനുവദിച്ചത്.