ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നഗരത്തിലെ ബോറ സർവീസ് മേഖലയിലുള്ള ബിലാസ് ഇൻ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിന്റെ കരാറുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ഘനകാന്ത ഗൊഗോയ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന് ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. നാല് പേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളും ഉൾപ്പെടുന്നു. മരിച്ചവരിൽ സത്യേന്ദ്ര പഥക്, നാരായൺ ദാസ് എന്നിവരെ തിരിച്ചറിഞ്ഞു.
ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഈ സമയം ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 25 ൽ താഴെ ആളുകളാണ് ഉണ്ടായിരുന്നത്. പൊലിസ് ആസ്ഥാനത്തുനിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലാണ് സംഭവം നടന്നത്.