ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഹോട്ടൽ മുറിയിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതക ആരോപണവുമായി യുവതിയുടെ കുടുംബം. മധ്യപ്രദേശ് വിദിഷ സ്വദേശി മുസാൻ സിമോലിയ (28) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ബാങ്ക് മാനേജറുമായ നിനേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഈ വർഷം ജൂൺ 29-നായിരുന്നു നിനേഷും മുസ്കാനും തമ്മിലുള്ള വിവാഹം. റെയിൽവേ ജൂനിയർ എൻജിനിയർ പരീക്ഷാ തയാറെടുപ്പുകളുടെ ഭാഗമായി ഒക്ടോബർ 10ന് മുസ്കാൻ ഝാൻസിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 2-ന് ഝാൻസിയിലെത്തിയ നിനേഷ് ബന്ധുവിനെ കാണാനെന്നു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും നേരെ ഹോട്ടലിലേക്ക് എത്തിക്കുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് രാംജി ലാൽ അഹിർവാർ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഭർത്താവിനും ഒരു ഹോട്ടൽ ജീവനക്കാരനുമൊപ്പം മുറിയിലേക്ക് നടക്കുന്നതിനിടെ മുറിയുടെ മുന്നിലെത്തിയ യുവതി അഞ്ച് സെക്കൻഡിനുള്ളിൽ കുഴഞ്ഞുവീഴുകയും തല നിലത്തടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി കുഴഞ്ഞുവീണ ഉടൻതന്നെ നിനേഷ് ഇവരെ എടുത്തുയർത്തി അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അടുത്ത ദിവസമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണം സ്ഥിരീകരിക്കുന്നതും.
നിനേഷിന് ഇൻഡോറിൽ മറ്റൊരു ഭാര്യയുണ്ടെന്ന വിവരം അടുത്തിടെയാണ് തങ്ങൾക്കു മനസിലായതെന്നും ഇതു മറച്ചുവച്ചാണ് ഇയാൾ വിവാഹം കഴിച്ചതെന്നും മുസാന്റെ പിതാവ് വെളിപ്പെടുത്തി. ഈ വിഷയത്തെത്തുടർന്ന് ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു. മകളുടെ തലയിൽ സാരമായ പരിക്കുകളുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു. ഹോട്ടൽ മുറിക്കു പുറത്തുവച്ച് യുവതി കുഴഞ്ഞുവീഴാനുള്ള യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും ശരീരത്തിലെ പരിക്കുകളെക്കുറിച്ചുമുള്ള വ്യക്തത ലഭിക്കൂ എന്ന് പൊലിസ് അറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഭർത്താവിനെ ചോദ്യം ചെയ്തുകൊണ്ടും അന്വേഷണം പുരോഗമിക്കുകയാണ്.