ജീവിതകാലം മുഴുവൻ വീട്ടകങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നുണ്ടായത്. സ്ത്രീകളുടെ ഗാർഹിക ജോലികളെ അംഗീകരിച്ച് അവരുടെ സാങ്കല്പിക ശമ്പളം 30,000 രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. വീട്ടമ്മ എന്ന വാക്ക് ഇനി രാഷ്ട്രനിർമാതാവ് എന്ന് ഉപയോഗിക്കപ്പെടട്ടെയെന്നും കോടതി പറഞ്ഞു. ചരിത്രവിധിയെക്കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സത്രീകൾ പ്രതികരിക്കുന്നു:
വീട്ടമ്മമാര്‍ കുടുംബത്തിനും സമൂഹത്തിനും നല്കുന്ന അമൂല്യമായ സേവനത്തിന് സാമ്പത്തിക മൂല്യം കല്‍പ്പിച്ച സുപ്രീംകോടതിയുടെ നിലപാട് ഏറെ അഭിനന്ദനാര്‍ഹമാണ്. വീടിന്റെ നടത്തിപ്പിലും കുടുംബാംഗങ്ങളുടെ സംരക്ഷണത്തിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന്റെ മഹത്വം ഈ വിധി വീണ്ടും ഓര്‍മപ്പെടുത്തുന്നു. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനത്തിന് സമൂഹം നല്‍കേണ്ട അംഗീകാരത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ഇത്. ഈ ചരിത്രപരമായ നിലപാടിന് സുപ്രീംകോടതിയെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
പെണ്ണമ്മ തോമസ് ജില്ലാ പഞ്ചായത്തംഗം
കുടുംബനാഥയുടെ സേവനത്തിന്റെ മൂല്യം വിലയിരുത്തിയ സുപ്രീം കോടതിവിധി തികച്ചും സ്വാഗതാര്‍ഹമാണ്. വീടിനുള്ളിലെ ജോലിയുടെ മൂല്യം എത്രയെന്ന് അളക്കാന്‍ കഴിയാത്തവിധം വിലയേറിയതാണ്. മറ്റുള്ളവര്‍ നിസാരമെന്ന് കരുതുന്ന ജോലികളുടെ പ്രാധാന്യവും അതിന്റെ സമ്മര്‍ദവും സ്ത്രീകള്‍ക്ക് മാത്രമേ അറിയുകയുള്ളൂ. വീട്ടുജോലിക്കു പണപരമായ മൂല്യം നിശ്ചയിക്കുന്നതിനപ്പുറം സ്ത്രീയുടെ അധ്വാനം കൂടുതല്‍ അംഗീകരിക്കപ്പെടുന്നതാക്കാനുള്ള കോടതിയുടെ ശ്രമം അഭിമാനകരമായ നേട്ടം തന്നെയാണ്. ഒപ്പം അഭിനന്ദനാര്‍ഹവും .
ആന്‍സമ്മ തോമസ്
റിട്ട. പ്രിന്‍സിപ്പല്‍, ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്
കുടുംബിനികളുടെ സേവനത്തിന് സാമ്പത്തിക മൂല്യം കല്‍പ്പിച്ച സുപ്രീംകോടതി വിധി ഏറെ അഭിനന്ദനാര്‍ഹമാണ്. ഒരു വീടിന്റെ ഐശ്വര്യവും ഒരു നാടിന്റെ സംസ്കാരവും നിലനില്‍ക്കുന്നത് ഓരോ അമ്മയുടെയും ത്യാഗത്തിന്മേലാണ്. സുപ്രീംകോടതിയുടെ ഈ ചരിത്രപരമായ വിധി സ്ത്രീ- പുരുഷ സമത്വവും കുടുംബത്തിന്റെ യഥാര്‍ഥ മൂല്യവും തിരിച്ചറിയുന്നതിലേക്കുള്ള വലിയൊരു ചുവടുവയ്പാണ്.
സുനി പത്യാല
കാഞ്ഞിരപ്പള്ളി പഞ്ചാ. പ്രസിഡന്റ്.
സുപ്രീംകോടതി ഗാര്‍ഹിക പരിചരണത്തെ കാര്യമായി പരിഗണിച്ചത് സ്ത്രീത്വത്തിനുള്ള വലിയ അംഗീകാരമാണ്. വീട്ടമ്മ എന്നത് ഒരു കുടുംബത്തിന്റെ നട്ടെല്ലാണെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകാന്‍ ഈ കരുതല്‍ വഴിതെളിക്കണം. ശമ്പളമില്ലാത്ത സേവനം എന്നതിനാല്‍ വീട്ടമ്മമാരുടെ സേവനം പല മേഖലകളിലും പരിഗണിക്കപ്പെട്ടിരുന്നില്ല. ഒരു പരിഷ്കൃത സാംസ്കാരിക സമൂഹത്തിന് ലഭിച്ചിരിക്കുന്ന വലിയ അംഗീകാരമാണ് ഈ കോടതിവിധി. നിയമപരിരക്ഷയ്ക്കും അപ്പുറം അതീവ അഭിമാനത്തോടും ബഹുമാനത്തോടുംകൂടി ഈ വിധിയെ രാജ്യത്തെ സ്ത്രീസമൂഹം നോക്കിക്കാണുന്നു.
ഡോ. സിന്ധുമോള്‍ ജേക്കബ്
മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്
കുടുംബനാഥയുടെ സേവനമൂല്യം പ്രതിമാസം ചുരുങ്ങിയത് 30,000 രൂപയായി കണക്കാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഏറെ സ്വാഗതാര്‍ഹമാണ്. വീടുപരിപാലനം രാഷ്ട്രപരിപാലനത്തിന്റെ അടിത്തറയാണ് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ഈ വിധി, കുടുംബത്തിനും സമൂഹത്തിനും സ്ത്രീകള്‍ നല്കുന്ന വിലമതിക്കാനാവാത്ത നിസ്വാര്‍ഥ സേവനത്തിനുള്ള അര്‍ഹമായ അംഗീകാരമാണ്.
ഷൈനി ഫിലിപ്പ് ചൊള്ളമ്പേല്‍
ക്നാനായ കാത്തലിക് വുമണ്‍സ് അസോസിയേഷന്
സ്ത്രീകളെ രാഷ്ട്ര നിര്‍മാതാക്കളായി പരമോന്നത കോടതി അംഗീകരിച്ചു എന്നത് സ്ത്രീകളുടെ സ്വപ്ന സാക്ഷാത്കാരമാണ്. സ്ത്രീകള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഇതിനെ കാണുന്നത്. സമസ്ത മേഖലകളിലും പുരുഷന്മാരെക്കാള് ത്യാഗം സഹിച്ച് പങ്കാളിത്തം വഹിക്കുന്നവരാണ് സ്ത്രീകള്‍ എന്നുള്ളത് വലിയൊരു സത്യമാണ്.
മാഗി ജോസ് മേനാംപറമ്പില്‍, പാലാ
സുപ്രീം കോടതി വിധി സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതാണ്. സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷാ പദ്ധതി കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ വീടുകളില്‍ ചെയ്യുന്ന ജോലികള്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ തീരുമാനം. മറ്റു ജോലികളും വരുമാനവുമില്ലാത്ത സ്ത്രീകളുടെ വീട്ടിലെ ജോലികള്‍ ഒരിക്കലും പരിഗണിക്കപ്പെടുന്നില്ല. അതിനാല്‍ അവര്‍ക്ക് പ്രതിമാസ വേതനം നല്‍കണം.
അഡ്വ. ഷീജ അനില്‍
ജില്ലാ സെക്രട്ടറി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്
സുപ്രീം കോടതി വിധി സ്ത്രീ സമത്വത്തിനുള്ള അംഗീകാരമാണ്. സ്ത്രീകള്‍ ഇന്നു കുടുംബത്തില്‍ മാത്രമല്ല ജോലി ചെയ്യുന്നത്. 50 ശതമാനം സ്ത്രീകളും പുറത്തുപോയും ജോലി ചെയ്യുന്നവരാണ്. കുടുംബത്തിന്റെ ഐശ്വര്യവും വിളക്കുമായ വീട്ടമ്മമാരുടെ സേവനത്തിന് മൂല്യം നിര്‍ണയിച്ചുള്ള കോടതിവിധി ഏറെ സ്വാഗതാര്‍ഹം.
മിനര്‍വ മോഹന്‍, പ്രസിഡന്റ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്
വീട്ടമ്മമാര്‍ ചെയ്യുന്ന സേവനത്തിന്റെ വില പലപ്പോഴും അവഗണിക്കപ്പെടുകയാണ്. കുടുംബത്തിലെ കാര്യങ്ങള്‍ നോക്കിനടത്തുന്ന വീട്ടമ്മയുടെ മഹത്വത്തിന് കോടതി നല്കിയ അംഗീകാരം വില മതിക്കാനാവാത്തതാണ്. കോടതിവിധിക്കു പ്രത്യേക നന്ദി അറിയിക്കുന്നു.
ജിന്‍സി എലിസബത്ത്, മെംബര്‍ കടുത്തുരുത്തി പഞ്ചായത്ത്
നേരം പുലരുമ്പോള്‍ തുടങ്ങുന്ന വീട്ടിലെ ജോലികള്‍ രാത്രിയായാലും അവസാനിക്കാത്ത വിധത്തിലാണ് ഓരോ വീട്ടമ്മയും ചെയ്തു വരുന്നത്. എന്നാല്‍ ഇതൊന്നും ഒരിക്കലും വേണ്ടത്ര അംഗീകാരം കിട്ടാതെ പോവുകയാണ്. പല കുടുംബങ്ങളിലും വീട്ടമ്മമാര്‍ വെറും തൊഴിലാളികളെ പോലെ പിന്തള്ളപ്പെടുകയാണ്. കോടതിതന്നെ ഇതെല്ലാം മനസിലാക്കി തങ്ങളെ അംഗീകരിച്ചതിലും തങ്ങള്‍ ചെയ്യുന്ന ജോലിയുടെ മൂല്യം വെളിപ്പെടുത്തി കൊടുത്തതിലും ആത്മാഭിമാനം തോന്നുന്നു.
ആന്‍ മരിയ ജോര്‍ജ് ജില്ലാ പഞ്ചായത്ത് മെംബര്‍
വളരെ നല്ല തീരുമാനം. വീട്ടമ്മമാരുടെ ജോലികളെ അംഗീകരിക്കപ്പെട്ടു എന്നതിൽ ഏറെ സന്തോഷം . ഈ അംഗീകാരത്തിന് നന്ദി. വീട്ടില്‍ ചെയ്യുന്ന നിരവധി ജോലികള്‍ വിലമതിക്കാനാവാത്തതാണ്. ജീവിതകാലം മുഴുവൻ വീടിനുവേണ്ടി സമർപ്പിക്കുന്ന അമ്മമാരുടെ ആത്മാഭിമാനം വാനോളം ഉയർത്തുന്ന വിധിയാണിത്.
അഞ്ജു സിജിന്‍, ചിറ്റേട്ട്, അരീപ്പറമ്പ്
വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്ന വിധി സ്വാഗതാര്‍ഹമാണ്. വീട്ടകങ്ങളിൽ പകലന്തിയോളം അധ്വാനിക്കുന്ന അമ്മമാർക്ക് സമൂഹത്തില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം വില ഉയര്‍ത്തുന്ന തീരുമാനത്തിൽ ഏറെ അഭിമാനം തോന്നുന്നു.
ജി. ഗീത, ഗീതാമന്ദിരം എസ്എന്‍ പുരം പാമ്പാടി
രാപകല്‍ വ്യത്യാസമില്ലാതെ വീടുകളില്‍ പണിയെടുക്കുന്ന വീട്ടമ്മമാർക്ക് വീടുകളില്നിന്ന്പോലും അംഗീകാരം ലഭിക്കുന്നില്ല.ജോലിഭാരം മൂലം എന്തൊക്കെ പണികളാണ് ചെയ്തതെന്നുപോലും ചിലപ്പോള്‍ മറന്നുപോകും. വീട്ടമ്മമാരുടെ സഹനം സുപ്രീം കോടതി അംഗീകരിച്ചതില്‍ വലിയ സന്തോഷം.
രാജശ്രീ വേണുഗോപാല്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍, വൈക്കം