ഹൂസ്റ്റൺ: ഹൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള സെൻട്രൽ ഫോർട്ട് ബെൻഡ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന 2026 - 2027 ലീഡർഷിപ്പ് ഫോർട്ട് ബെൻഡ് ക്ലാസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഫോർട്ട് ബെൻഡ് കൗണ്ടിയെക്കുറിച്ചുള്ള അംഗങ്ങളുടെ അവബോധം വർധിപ്പിക്കുകയും നേതൃത്വപാടവം വികസിപ്പിക്കുകയും സമൂഹത്തിന് ഗുണകരമായ ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ പ്രഫഷണലുകളെ ഒരുമിപ്പിക്കുന്ന പ്രമുഖ നേതൃത്വ വികസന പദ്ധതിയാണ് ലീഡർഷിപ്പ് ഫോർട്ട് ബെൻഡ്.
നിലവിൽ ഹൂസ്റ്റൺ മെട്രോയിൽ സേവനമനുഷ്ഠിക്കുന്ന ഷിജോ, ഹൂസ്റ്റൺ മെട്രോ ലീഡർഷിപ്പ് പ്രോഗ്രാമിന്റെ ബിരുദധാരിയുമാണ്. പ്രഫഷണൽ മികവിനും പൊതുസേവനത്തിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അംഗീകാരമായാണ് പുതിയ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
പൊതുഗതാഗത രംഗത്തെ സേവനത്തിനൊപ്പം, ട്രാൻസിറ്റ് മേഖലയിലെ നേതൃത്വവും തൊഴിലാളി വികസനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലീഡ് ട്രാൻസിറ്റ് 360 എന്ന സംരംഭത്തിന്റെയും സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ സ്പെരാൻസ ക്രിപ്റ്റോ ക്യാപിറ്റൽ എന്ന സ്ഥാപനത്തിന്റെയും സ്ഥാപകനാണ് ഷിജോ.
ലയൺസ് ക്ലബ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകളിലും അദ്ദേഹം സജീവമാണ്. കൂടാതെ ഹ്യൂമൻ ആൻഡ് ഓർഗനൈസേഷണൽ സൈക്കോളജിയിൽ ഡോക്ടർ ഓഫ് സൈക്കോളജി (PsyD) പഠനവും തുടരുകയാണ്.
തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച ഷിജോ ചാണ്ടപ്പിള്ള പറഞ്ഞു: "ലീഡർഷിപ്പ് ഫോർട്ട് ബെൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കമ്യൂണിറ്റി നേതാക്കളിൽ നിന്ന് പഠിക്കാനും ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ആവശ്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കാനും ആ അറിവ് സമൂഹസേവനത്തിനായി പ്രയോജനപ്പെടുത്താനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.
നേതൃത്വം ആരംഭിക്കുന്നത് കേൾക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയുമാണ്.
പ്രഫഷണൽ രംഗത്തെയും സാമൂഹിക പ്രവർത്തനങ്ങളിലെയും ഇടപെടലുകളിലൂടെ പൗരപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുസേവനങ്ങളുടെയും പ്രവർത്തനം ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാൻ സഹായിക്കാനും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.