സനാ: സൗദിസേന യെമനിൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടതായി ഇറാൻ അനുകൂല ഹൂതി വിമതർ അറിയിച്ചു. എട്ടു പ്രവിശ്യകളിൽ ആക്രമണമുണ്ടായി.
സനായ്ക്കു കിഴക്ക് അൽ ഷറിയാ പട്ടണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 33 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കുട്ടികളുടേത് അടക്കം മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഹൂതി ടെലിവിഷനായ അൽ മസീറാ പുറത്തുവിട്ടു. അതേസമയം, ഹൂതി വാർത്താ ഏജൻസിയായ സാബ പുറത്തുവിട്ട കണക്കുപ്രകാരം അൽ ഷറിയായിൽ 39 പേരാണു മരിച്ചത്.
ആക്രമണവാർത്തയെക്കുറിച്ച് പ്രതികരിക്കാൻ സൗദി തയാറായില്ല.
യുഎസ്-ഇറാൻ യുദ്ധത്തിന്റെ തുടർച്ചയായാണ് സൗദി സഖ്യസേനയും യെമനിലെ ഹൂതിവിമതരും തമ്മിൽ സംഘർഷം പുനരാരംഭിച്ചത്. സൗദിയിലെ വിമാനത്താവളങ്ങൾ, എണ്ണയുത്പാദന കേന്ദ്രങ്ങൾ, സൗദിയിൽനിന്ന് എണ്ണ കയറ്റുന്ന കപ്പലുകൾ എന്നിവയെ ഹൂതികൾ ആക്രമിക്കാറുണ്ട്.
സംഘർഷം പുനരാരംഭിച്ചശേഷം യെമനിൽ 1600 പേർ കൊല്ലപ്പെടുകയും മൂന്നു ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തെന്നാണ് യുഎൻ കണക്ക്.
മിസൈൽ അവശിഷ്ടം പതിച്ച് അരാംകോ ടവറിന് കേടുപാട്
റിയാദ്: സൗദി എണ്ണ ഭീമനായ അരാംകോ കന്പനിയുടെ റിയാദിലെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിനു നാശം. ഇന്നലെ റിയാദിനു നേർക്കുവന്ന മിസൈലുകൾ വെടിവച്ചിടവേ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിക്കുകയായിരുന്നു.
യെമനിലെ ഹൂതി വിമതരാണ് മിസൈലുകൾ തൊടുത്തതെന്നു കരുതുന്നു. രണ്ടു ക്രൂസ് മിസൈലുകൾ വെടിവച്ചിട്ടതായി സൗദി അധികൃതർ പറഞ്ഞു.റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ അരാംകോ ടവറിന്റെ ഒട്ടേറെ നിലകളിൽ ജനാലകൾ തകർന്നു. അതേസമയം കെട്ടിടത്തിനു കാര്യമായ നാശമുണ്ടായിട്ടില്ലെന്നാണു സൗദിവൃത്തങ്ങൾ പറഞ്ഞത്.