വൻ വിജയമായി തിയറ്ററുകളിൽ കുതിപ്പ് തുടരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2' വീണ്ടും സിനിമാലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ചിത്രത്തിലേക്ക് ബോളിവുഡ് താരം ഹൃതിക് റോഷന്റെ അതിഥിവേഷം കൂടി എത്തിയതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നു. താരത്തിന്റെ സ്റ്റൈലിഷ് വരവും ആത്മവിശ്വാസവും സ്ക്രീൻ പ്രസൻസും തിയറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്.
ചിത്രത്തിൽ 'റോഡി' എന്ന കഥാപാത്രമായാണ് ഹൃതിക് റോഷൻ എത്തുന്നത്. ഏകദേശം നാല് പതിറ്റാണ്ടിനു ശേഷമാണ് രജനികാന്തും ഹൃതിക് റോഷനും ഒരു സിനിമയിൽ ഒന്നിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. 1986-ൽ പുറത്തിറങ്ങിയ 'ഭഗവാൻ ദാദ' എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചത്. അന്ന് ബാലതാരമായിരുന്ന ഹൃതിക്, രജനികാന്തിന്റെ കഥാപാത്രത്തിന്റെ ദത്തുപുത്രനായ 'ഗോവിന്ദ്' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ അത് ആരാധകർക്ക് നൊസ്റ്റാൾജിയ കൂടിയായി മാറുകയാണ്.
രജനികാന്തിന്റെ മാസ് പ്രകടനത്തിനും അനിരുദ്ധ് രവിചന്ദറിന്റെ തകർപ്പൻ പശ്ചാത്തല സംഗീതത്തിനുമൊപ്പം ഹൃതിക്കിന്റെ സ്വാഗും കൂടി ചേരുന്നതോടെ തിയറ്ററുകൾ ഇളകിമറിയുകയാണ്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങുന്ന ഹൃതിക്കിനെ ഈയടുത്തകാലത്തൊന്നും ബോളിവുഡ് ഇത്രയും സ്റ്റൈലിഷായി ഉപയോഗിച്ചിട്ടില്ലന്ന് ആരാധകർ പറയുന്നു. അതിഥി വേഷത്തിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തിയറ്ററുകൾ ഇളക്കിമറിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.
2023-ൽ പുറത്തിറങ്ങിയ ആദ്യഭാഗമായ ജയിലറിൽ അതിഥിതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്റെ സ്വീകാര്യത വിവിധ ഭാഷാ വിപണികളിലേക്ക് വ്യാപിപ്പിക്കാൻ സഹായിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ സംവിധായകൻ നെൽസൺ താരനിര കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പം വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇതിനൊപ്പം ഹൃതിക് റോഷന്റെ അതിഥിവേഷം കൂടി എത്തുന്നതോടെ ജയിലർ 2വിലെ ആരാധകപ്രതീക്ഷകളും ആവേശവും വാനോളമുയർന്നിരിക്കുകയാണ്.