തിരൂരങ്ങാടി: പരപ്പനങ്ങാടി-അരീക്കോട് റോഡിൽ പള്ളിപ്പടി ഐസ് കന്പനിക്ക് സമീപം റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി പരാതി. ഗർത്തം അടിയന്തരമായി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.
റോഡിന്റെ പ്രധാന ഭാഗത്ത് രൂപപ്പെട്ട ഗർത്തം വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതിനൊപ്പം കൂടുതൽ ഭാഗങ്ങളിലേക്ക് ഗർത്തം വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നും ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഗർത്തം വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യത്തിൽ അപകടസാധ്യത കൂടുതൽ രൂക്ഷമാകുമെന്നും പരാതിക്കാർ പറയുന്നു.
റോഡിലെ ഗർത്തത്തിന്റെ കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണണമെന്നും മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഓവർസിയർ സ്ഥലം സന്ദർശിക്കുകയും മറ്റുകാര്യങ്ങൾക്കായി കോണ്ട്രാക്ടറെ നിയമിച്ചതായി അദ്ദേഹം അറിയിച്ചു.