കൂടരഞ്ഞി: പൂവാറൻതോട് ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് ട്രാൻസ്ഫോർമറുകളുമായി എത്തിയ മൂന്ന് ഭീമൻ ലോറികൾ ഉറുമി ഭാഗത്ത് ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിൽ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കുത്തനെയുള്ള കയറ്റങ്ങളും അപകടഭീഷണിയുള്ള വളവുകളും താണ്ടി ഈ വലിയ വാഹനങ്ങൾ പദ്ധതി പ്രദേശത്ത് എത്തിക്കുന്നത് ദുഷ്കരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി വലിയ ലോഡുകളുമായി എത്തുന്ന വാഹനങ്ങൾ കുളിരാമുട്ടി ഭാഗത്ത് നിർത്തി ടിപ്പർ ലോറികളിലേക്ക് മാറ്റിയാണ് പദ്ധതി പ്രദേശത്തേക്ക് കൊണ്ടുപോകുന്നത്. എന്നാൽ നിലവിൽ എത്തിയ ട്രാൻസ്ഫോർമറുകൾ സൈറ്റിൽ നേരിട്ട് എത്തിച്ച് ഇറക്കിക്കൊടുക്കണമെന്നതാണ് കരാറിലെ വ്യവസ്ഥയെന്നാണ് ആര്യ കോൺ മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോഡ് മാറ്റിക്കയറ്റാൻ ഡ്രൈവർമാർ തയാറായിട്ടില്ലെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് പൂവാറൻതോട് വാർഡ് മെംബർ റോയി ആക്കേൽ തിരുവമ്പാടി പോലീസിനെ വിവരമറിയിച്ചു. പോലീസ് ആര്യ കോൺ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും ലോഡ് സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, വലിയ ലോഡുകളുമായി ലോറികൾ മുന്നോട്ട് നീങ്ങിയാൽ കുത്തനെയുള്ള കയറ്റങ്ങളിലോ വളവുകളിലോ അപകടസാധ്യത ഉണ്ടാകാമെന്നും അപകടം സംഭവിച്ചാൽ കൂടരഞ്ഞി-പൂവാറൻതോട് മേഖലയിലെ ഏക ഗതാഗത മാർഗം പൂർണമായും തടസപ്പെടാനിടയുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. വിഷയം ഗൗരവമായി കണ്ട് ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.