പാലാ: നഗരസഭയുടെ എട്ടാം വാര്‍ഡ് കവീക്കുന്നിലെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്ക. 40 വര്‍ഷത്തോളം പഴക്കമുള്ള ഈ ടാങ്കിന്റെ തൂണുകള്‍ക്കും കോണ്‍ക്രീറ്റ് ഘടനകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്.
ടാങ്കിനെ താങ്ങി നിര്‍ത്തുന്ന ആറ് തൂണുകളുടെയും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പല സ്ഥലങ്ങളിലും അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാവുന്ന നിലയിലാണ്. കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും മൂലം ഘടനയുടെ ബലം ഗണ്യമായി കുറഞ്ഞതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ടാങ്ക് ഏത് നിമിഷവും തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഉയരുന്നത്.
ഒരു കാലത്ത് നഗരസഭയിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ വാട്ടര്‍ ടാങ്ക്. പിന്നീട് ഇതിന് സമീപം പുതിയ ടാങ്ക് നിര്‍മിച്ചതോടെ പഴയ ടാങ്കിന്റെ ഉപയോഗം അവസാനിപ്പിക്കുകയും പുതിയ സംവിധാനത്തിലൂടെ നിലവില്‍ കുടിവെള്ള വിതരണം നടത്തിവരികയുമാണ് ചെയ്യുന്നത്.
ഉപയോഗശൂന്യമായ ടാങ്ക് പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ലഭിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ജനവാസ മേഖലയ്ക്ക് സമീപം നിലകൊള്ളുന്ന ഈ ഭീമന് കോണ്‍ക്രീറ്റ് ടാങ്ക് തകര്‍ന്നുവീണാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ കുട്ടികളടക്കമുള്ളവരുടെ സുരക്ഷയെ ഇത് നേരിട്ട് ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു. മഴക്കാലത്ത് അപകടസാധ്യത കൂടുതല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ടാങ്ക് പൊളിച്ചുമാറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.