ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡൽഹിയിൽ സിപിഐ മനുഷ്യച്ചങ്ങല തീർത്തു. സിപിഐ ആസ്ഥാനമായ അജോയ് ഭവൻ മുതൽ ഐടിഒ വരെയായിരുന്നു മനുഷ്യച്ചങ്ങല തീർത്തത്.
ഗ്യാനേഷ് കുമാറിനു ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അദ്ദേഹം തുടരുന്നത് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയ്ക്കു ഭീഷണിയാണെന്നും പ്രതിഷേധപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.